ബാലഭാസ്കറിന്റെ മരണം: നുണപരിശോധനയ്ക്കുളള നാല് പേരും കോടതിയിൽ ഹാജരാകണം

Tuesday 15 September 2020 12:00 AM IST

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.എെയുടെ നുണ പരിശോധനയ്ക്ക് വിധേയരാകേണ്ട നാല് പേരും ഈ മാസം 16 ന് കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി സമൻസ് അയച്ചു.

ബാലഭാസ്കറിന്റെ മാനേജർമാരായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രെെവർ അർജ്ജുൻ, കലാഭവൻ സോബി എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കണം എന്നാവശ്യപ്പെട്ട് സി.ബി.എെ കോടതിയിൽ ഹർജി നൽകിയത്. കോടതിയിൽ ഹാജരാകുന്ന ഇവരിൽ നിന്ന് പൂർണസമ്മതം വാങ്ങിയശേഷമേ നുണപരിശോധനയ്ക്ക് വിധേയരാക്കാൻ സി.ബി.എെക്ക് അനുമതി നൽകൂ.അപകടസമയം താനല്ല വാഹനം ഒാടിച്ചതെന്ന ഡ്രെെവർ അർജുന്റെ മൊഴിയുടെയും അപകടത്തിനു മുൻപ് ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടിരുന്നുവെന്ന സോബിയുടെ മൊഴിയുടെയും നിജസ്ഥിതിയാണ്‌ സി.ബി.എെക്ക് പ്രധാനമായും പരിശോധിക്കാനുള്ളത്.ബാലഭാസ്കറിന്റെ മരണത്തിൽ ആദ്യംമുതൽ അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ മാനേജർമാരായ പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും പിടിയിലായത്. തുടർന്നാണ് കേസ് ഏറ്റെടുത്ത സി.ബി.എെ ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയുടെയും ഭാര്യ ലക്ഷ്മിയുടെയും മൊഴി രേഖപ്പെടുത്തിയത്.