മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദം: ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര വകുപ്പിലെ ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി

Tuesday 15 September 2020 8:33 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദത്തില്‍ ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര വകുപ്പിലെ ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഫയലില്‍ വ്യാജ ഒപ്പിട്ടെന്ന വിവാദത്തിലാണ് സര്‍ക്കാര്‍ നടപടി. ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയെ സാമൂഹിക നീതി വകുപ്പിലേക്ക് മാറ്റി.

വിവരാവകാശ നിയമപ്രകാരമാണ് ഫയല്‍ പുറത്ത് വന്നതെങ്കിലും ഇത് സംബന്ധിച്ച് വിവരം നല്‍കിയത് ഡെപ്യൂട്ടി സെക്രട്ടറിയാണെന്നാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ചുള്ള തെളിവുകള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ സ്ഥലം മാറ്റമടക്കമുള്ള നടപടികള്‍ ഉണ്ടായത്. ബി.ജെ.പി വക്താവ് സന്ദീപ് വാര്യരാണ് വ്യാജഒപ്പിന്റെ വിവരങ്ങൾ പുറത്ത് വിട്ടത്.

സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിമാരും അണ്ടര്‍ സെക്രട്ടറിമാരും ഉള്‍പ്പെടെ ആറ് പേരുടെ സ്ഥലംമാറ്റ ഉത്തരവിലാണ് ഈ ഉദ്യോഗസ്ഥയുടെ പേരുള്ളത്. വ്യാജ ഒപ്പ് വിവാദം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നതിന് പിന്നാലെ സര്‍ക്കാര്‍ വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി അതിന് വിശദീകരണം നല്‍കിയിരുന്നുവെങ്കിലും ഫയല്‍ പുറത്തുപോയത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയ്ക്ക് എതിരായ നടപടി. ഫയലിനെപ്പറ്റി ഇവര്‍ ബന്ധപ്പെട്ട വകുപ്പുകളിലെത്തി വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതായും ഇതിന് ശേഷമാണ് ഫയല്‍ വിവരങ്ങള്‍ പുറത്തായതെന്നുമാണ് ഇടത് സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കുന്നത്.