കരകയറാതെ കയറ്റുമതി; ആഗസ്‌റ്റിൽ ഇടിവ് 12.66%

Wednesday 16 September 2020 3:07 AM IST

ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും മൂലം ആഗോളതലത്തിൽ നിന്നുള്ള ഡിമാൻഡ് മങ്ങിയതോടെ, തുടർച്ചയായ ആറാംമാസവും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഇടിഞ്ഞു. ആഗസ്‌റ്റിൽ 12.66 ശതമാനം കുറവോടെ 2,270 കോടി ഡോളർ വരുമാനമാണ് ലഭിച്ചത്.

പെട്രോളിയം, ലെതർ, എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ, ജെം ആൻഡ് ജുവലറി എന്നിവയുടെ കയറ്റുമതി കുറഞ്ഞതാണ് പ്രധാന തിരിച്ചടി. സമ്പദ്‌ഞെരുക്കം മൂലം ഇന്ത്യയിലേക്കുള്ള ഇറക്കുമതി 26 ശതമാനം താഴ്‌ന്ന് 2,947 കോടി ഡോളറിലും ഒതുങ്ങി. അതേസമയം, ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും കുറഞ്ഞതോടെ ഇവ തമ്മിലെ അന്തരമായ വ്യാപാരക്കമ്മി താഴ്‌ന്നത് കേന്ദ്രത്തിന് ആശ്വാസമായി. 2019 ആഗസ്‌റ്റിലെ 1,386 കോടി ഡോളറിൽ നിന്ന് 677 കോടി ഡോളറിലേക്കാണ് ഇതു താഴ്‌ന്നത്.

എണ്ണയ്ക്ക് ക്ഷീണം;

പൊന്നിന് തിളക്കം

കഴിഞ്ഞമാസം ക്രൂഡോയിൽ ഇറക്കുമതി 41.62 ശതമാനം കുറഞ്ഞ് 642 കോടി ഡോളറിലെത്തി. സ്വർണം ഇറക്കുമതി 136 കോടി ഡോളറിൽ നിന്നുയർന്ന് 370 കോടി ഡോളറായി.

$2,072 കോടി

നടപ്പുവർഷം ഏപ്രിൽ-ആഗസ്‌റ്റിൽ കയറ്റുമതി വരുമാനം 9,766 കോടി ഡോളറാണ്; നഷ്‌ടം 26.65 ശതമാനം. ഇറക്കുമതി 43.73 ശതമാനം കുറഞ്ഞ് 11,838 കോടി ഡോളറാണ്. വ്യാപാരക്കമ്മി 2,072 കോടി ഡോളർ.