കെ.എസ്.യുവിന്റെ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം, അഞ്ച് പേർക്ക് പരിക്ക്

Wednesday 16 September 2020 1:36 AM IST
മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പത്തനംതിട്ട കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് തടഞ്ഞ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

പത്തനംതിട്ട: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കെ.എസ്.യു ജില്ലാപ്രസിഡന്റ് അൻസാർ മുഹമ്മദ് അടക്കം അഞ്ച് പ്രവർത്തകർക്ക് പരിക്കേറ്റു. എല്ലാവരുടെയും കൈയ്ക്കാണ് പരിക്ക്. രാവിലെ 11.30ന് സെൻട്രൽ ജംഗ്ഷനിൽ നിന്ന് പ്രകടനവുമായി വന്ന പ്രവർത്തകരെ കളക്ടറേറ്റ് കവാടത്തിനു മുൻപുതന്നെ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തിയതോടെ പത്തനംതിട്ട ഡിവൈ.എസ്.പി കെ.സജീവിന്റെയും എസ്.എച്ച്.ഒ ന്യൂമാന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിരോധം തീർത്തു. രണ്ട് പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെ , ജില്ലാ പ്രസിഡന്റ് അൻസാർ മുഹമ്മദിന്റെ നേതൃത്വത്തിൽ കുറച്ചു പ്രവർത്തകർ വലതുവശത്തായി സ്ഥാപിച്ചിരുന്ന ബാരിക്കേഡ് എടുത്തുയർത്തിയെങ്കിലും മറിച്ചിടാൻ സാധിച്ചില്ല. പ്രവർത്തകരിൽ ചിലരെ പൊലീസ് ബലം പ്രയോഗിച്ച് വാനിലേക്ക് കയറ്റിയതോടെ പ്രവർത്തകരും പൊലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു. ഇതോടെ നിലത്തിരുന്ന പ്രവർത്തകരെ കൂടുതൽ പൊലീസെത്തി ബലം പ്രയോഗിച്ച് വാനിലേക്ക് മാറ്റി. കയറ്റുന്നതിനിടെ പിന്നീൽ നിന്ന് ലാത്തി കൊണ്ട് കുത്തിയെന്ന് ആരോപിച്ച് പ്രവർത്തകരും എസ്.എച്ച്.ഒ ന്യൂമാനും തമ്മിലും വാക്കേറ്റം ഉണ്ടായി. അറസ്റ്റ് ചെയ്ത് നീക്കിയെ പ്രവർത്തകരെ രണ്ട് വാഹനത്തിലായി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവരെ പിന്നീട് സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു. കെ.പി.സി.സി. സെക്രട്ടറി അനീഷ് വരിക്കണ്ണാമല മാർച്ച് ഉദ്ഘാടനം ചെയ്തു.