അടൂർ ഡിപ്പോയിലെ സൂപ്പർവൈസർക്ക് കൊവിഡ്, 11 ജീവനക്കാർ ക്വാറന്റൈനിൽ
Wednesday 16 September 2020 12:15 AM IST
അടൂർ : കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ചങ്ങനാശ്ശേരി സ്വദേശിയായ വെഹിക്കിൾ സൂപ്പർ വൈസർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ഡിപ്പോയിലെ 11 ജീവനക്കാരോട് 7 ദിവസത്തേക്ക് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചു. അതേ സമയം ഇൗ ഉദ്യോഗസ്ഥനുമായി പ്രാഥമിക സമ്പർക്കമുള്ള പലരും ഇന്നലെയും കോന്നി മെഡിക്കൽ കോളേജിലേക്കുള്ള ബസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു . 11ന് ഡിപ്പോയിൽ ജോലി നോക്കിയ ഇൗ ഉദ്യോഗസ്ഥൻ സുഖമില്ലാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഡിപ്പോ ഇന്നലെ അണുവിമുകതമാക്കി. അതേ സമയം രോഗം സ്ഥിരീകരിക്കും മുൻപാണ് ഇന്നലെ രാവിലെ കോന്നി മെഡിക്കൽ കോളേജിലേക്കുള്ള ബസ് ഫ്ളാഗ് ഒാഫ് ചെയ്യാൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ എത്തിയത്. ഇൗ ചടങ്ങിൽ പ്രാഥമിക സമ്പർക്കപട്ടികയിലുള്ളവർ പങ്കെടുത്തു എന്നതാണ് ആശങ്ക ഉയർത്തുന്നത്.