കള്ളാടി തുരങ്കപാത സർവേയ്‌ക്ക് 18ന് തുടക്കം
12 അംഗ സംഘം പൂനെയിൽ നിന്ന്
കള്ളാടിയിലേക്ക് ദൈർഘ്യം 6. 8 കിലോ മീറ്റർ
എസ്റ്റിമേറ്റ് 658 കോടി രൂപ
38 മാസത്തിനകം പണി പൂർത്തിയാക്കും
ഔദ്യോഗിക ലോഞ്ചിംഗ് ഒക്ടോബർ 5 ന്
കോഴിക്കോട്: ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ നിർമ്മാണത്തിന് മുന്നോടിയായുള്ള സർവേ പ്രവർത്തനങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാവും. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനായി നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ 12 അംഗ സംഘമാണ് എത്തുന്നത്. പൂനെയിലെ കെ. ആർ. സി. എൽ ഡെപ്യൂട്ടി ചീഫ് എൻജിനിയർ (പ്രോജക്ട്) കേണൽ രവിശങ്കർ ഖോഡ്കെയുടെ നേതൃത്വത്തിലുള്ള എൻജിനിയറിംഗ് സംഘം സർവേയ്‌ക്കൊപ്പം ഫീൽഡ് ഇൻവെസ്റ്റിഗേഷൻ, ട്രാഫിക് സ്റ്റഡി എന്നിവയും ഏറ്റെടുക്കും.
സംസ്ഥാന സർക്കാർ നൂറുദിന കർമ്മ പദ്ധതിയിലുൾപ്പെടുത്തിയ തുരങ്കപാതയുടെ ഔദ്യോഗിക ലോഞ്ചിംഗ് ഒക്ടോബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആനക്കാംപൊയിലിന് സമീപത്തെ സ്വർഗംകുന്ന് മുതൽ വയനാട്ടിലെ കള്ളാടി വരെ 6. 8 കിലോമീറ്റർ ദൂരത്തിൽ രണ്ടുവരി പാതയോട് കൂടിയ തുരങ്കമാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. തുരങ്കത്തെ ബന്ധിപ്പിച്ച് രണ്ടുവരി സമീപനറോഡും കുണ്ടൻതോടിൽ 70 മീറ്റർ നീളത്തിൽ രണ്ടുവരി പാലവും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.
പദ്ധതിയ്ക്കായി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ നാല് അലൈൻമെന്റുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്തിയിരിക്കുന്നത് ആനക്കാംപൊയിൽ മറിപ്പുഴയിൽ നിന്നു ആരംഭിച്ച് വയനാട്ടിലെ കള്ളാടിയിൽ അവസാനിക്കുന്ന അലൈൻമെന്റാണ്. ഈ അലൈൻമെന്റിനെ അടിസ്ഥാനമാക്കിയാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കുക.
കിഫ്ബിയിൽ ഉൾപ്പെടുത്തി 658 കോടിയുടെ എസ്റ്റിമേറ്റിനാണ് സർക്കാർ ഭരണാനുമതി നൽകിയത്. ഒരു കിലോമീറ്റർ തുരങ്കപാത നിർമ്മിക്കുന്നതിന് ശരാശരി 100 കോടി ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. പ്രവൃത്തി ആരംഭിച്ച് 38 മാസത്തിനകം പണി പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. വനഭൂമി വിട്ടു കിട്ടുന്നതിലെ പ്രയാസം താമരശേരി ചുരം റോഡ് വികസിപ്പിക്കുന്നതിനും ബദൽ റോഡുകൾ നിർമ്മിക്കുന്നതിനും വിലങ്ങുതടിയാവുകയായിരുന്നു. ഇതോടെയാണ് വനഭൂമി നഷ്ടപ്പെടാതെ തുരങ്കപാതയെന്ന ആശയം ഉയർന്നത്. ജോർജ് എം.തോമസ് എം.എൽ.എ യുടെ സജീവമായ ഇടപെടലിനെ തുടർന്ന് ഇടതുമുന്നണി സർക്കാരിന്റെ ആദ്യബഡ്‌ജറ്റിൽ തന്നെ തുരങ്കപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാഥമികഘട്ട പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് നല്ലൊരു പരിധി വരെ പരിഹാരമാകും. മലബാറിലെ വിനോദസഞ്ചാര മേഖലയിൽ വലിയ ചലനം സൃഷ്ടിക്കാനും പുതിയ പാതയ്ക്ക് കഴിയും.
''നിർദ്ദിഷ്ട തുരങ്കപാത മലബാറിലെ ടൂറിസം രംഗത്ത് വൻകുതിപ്പിന് വഴിയൊരുക്കും. ഇതിലൂടെ വലിയൊരളവിൽ തൊഴിൽ സാദ്ധ്യതയും കൂടും. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ തുരങ്കപാതയായിരിക്കും ഇത്. കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള ദൂരം 30 കിലോമീറ്റർ കുറയുകയും ചെയ്യും.
ജോർജ്ജ് എം.തോമസ് എം.എൽ.എ