വീട്ടിനുള്ളിൽ വയ്ക്കാം ഈ ആനവണ്ടികൾ
മാനന്തവാടി : "മാവേലിക്കരയിൽ നിന്ന് എറണാകുളം വഴി സീതാമൗണ്ടിലേയ്ക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ് വീടിന്റെ സ്വീകരണമുറിയിൽ പാർക്ക് ചെയ്തിരിയ്ക്കുന്നു". മാനന്തവാടി വള്ളിയൂർക്കാവിനടുത്തുള്ള വടക്കേവീട്ടിൽ ചെന്നാൽ കെ.എസ്.ആർ.ടി.സി. സ്റ്റാന്റിന്റെ ഒരു മിനി പതിപ്പുകാണാം. വലുപ്പം കൊണ്ട് കുഞ്ഞൻമാരാണെങ്കിലും വീടിനകത്ത് നിറയെ രൂപം കൊണ്ട് ആനവണ്ടിയുടെ തനിപ്പകർപ്പുകൾ.
വടക്കേവീട്ടിലെ ബാലകൃഷ്ണന്റെയും ശ്യാമളയുടേയും മക്കളായ അരുണിന്റെയും അഖിലിന്റെയും കൊവിഡ് കാലത്തെ സൃഷ്ടികളാണ് ഈ കുഞ്ഞൻ ബസ്സുകൾ. ലൈബ്രേറിയനായ അരുണിന്റെ ആനവണ്ടി ഭ്രമവും, യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ പോളിടെക്നിക്കിൽ നിന്നു പഠിച്ച അഖിലിന്റെ ടെക്നിക്കുകളും ഇവിടെ ഒത്ത് ചേരുന്നു. സഹോദരി അഹല്യയും ആങ്ങളമാരുടെ കൂടെയുണ്ട്.
മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള രൂപകല്പന മാത്രമല്ല, യാത്രക്കാരുടേയും ഡ്രൈവറുടേയും ഇരിപ്പിടങ്ങൾ പോലും അതുപോലെ തന്നെ. ചരട് കെട്ടിയ ബെല്ലും ബോർഡും മുകളിലെ കമ്പികളും ലഗേജ് റാക്കും സീലിംഗിലെ വിളക്കുകൾ പോലും തനിപ്പകർപ്പുകൾ.
ഫോം ബോർഡ് വെട്ടിയെടുത്ത് ചായം നൽകിയാണ് ഇവർ ബസ്സുകളുണ്ടാക്കുന്നത്. പന്ത്രണ്ട് ദിവസത്തോളം വേണം ഒരു ബസ്സിന്റെ പണി പൂർത്തിയാവാൻ. ആവശ്യക്കാർക്ക് ബസ്സുകൾ നിർമ്മിച്ച് നൽകുന്നുമുണ്ട് ഇവർ. 7,500 രൂപ കൊടുത്താൽ ഏത് റൂട്ടിലോടുന്ന ബസ്സും റെഡി !
ഫോൺ: അരുൺ-7736269495.