സന്ദീപ്‌ നായർ ഉൾപ്പെടെ മൂന്ന് പ്രതികളെ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ വിട്ടു

Wednesday 16 September 2020 12:00 AM IST

കൊച്ചി : നയതന്ത്ര ചാനൽവഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതികളിൽ നിന്ന് ലഭിച്ച ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സന്ദീപ് നായർ ഉൾപ്പെടെ മൂന്നു പ്രതികളെ വീണ്ടും ചോദ്യംചെയ്യാൻ കോടതി വെള്ളിയാഴ്ചവരെ എൻ.ഐ.എ കസ്റ്റഡിയിൽവിട്ടു. നാലാംപ്രതി സന്ദീപ് നായർക്കു പുറമേ ഏഴാംപ്രതി മുഹമ്മദ് ഷാഫി, 11 -ാം പ്രതി മുഹമ്മദാലി ഇബ്രാഹിം എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇവർക്കു പുറമേ രണ്ടാംപ്രതി സ്വപ്ന സുരേഷ്, 16 -ാം പ്രതി മുഹമ്മദ് അൻവർ എന്നിവരെയും എൻ.ഐ.എ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ഇവരെ ഹാജരാക്കിയില്ല. ഇവരുടെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച് ഇക്കാര്യത്തിൽ പിന്നീടു തീരുമാനമെടുക്കാമെന്ന് എൻ.ഐ.എ കോടതി വ്യക്തമാക്കി.

കണ്ടെടുത്തത് 4000 ജി.ബിയുടെ വിവരങ്ങൾ

സ്വർണക്കടത്തു കേസിൽ ബംഗളൂരുവിൽനിന്ന് സ്വപ്‌നയെയും സന്ദീപിനെയും എൻ.ഐ.എ പിടികൂടുമ്പോൾ ഇവരുടെ പക്കലുണ്ടായിരുന്ന ലാപ്ടോപ്പ്, മൊബൈൽഫോണുകൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. പിന്നീട് സി - ഡാക്കിൽ ഇവ പരിശോധനയ്ക്ക് സമർപ്പിച്ചിരുന്നു. ചിത്രങ്ങളും നിർണായക വിവരങ്ങളും ഉൾപ്പെടെ 2000 ജി.ബിയുടെ (രണ്ട് ടി.ബി) വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. വിവരങ്ങൾ വേർതിരിച്ചെടുക്കുന്ന നടപടികൾ ആഗസ്റ്റ് 13ന് പൂർത്തിയാക്കി. സെപ്തംബർ 11നാണ് വിവരങ്ങളുടെ പരിശോധന പൂർത്തിയാക്കിയതെന്നും എൻ.ഐ.എ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കേസിലെ മറ്റു പ്രതികളായ ഷാഫി, മുഹമ്മദ് അലി ഇബ്രാഹിം, അൻവർ എന്നിവരിൽ നിന്നു പിടിച്ചെടുത്ത മൊബൈലുകൾ, ലാപ്ടോപ്പുകൾ എന്നിവയിൽ നിന്ന് 2000 ജി.ബി വിവരങ്ങളും സമാനമായ രീതിയിൽ വേർതിരിച്ചെടുത്തിട്ടുണ്ടെന്നും എൻ.ഐ.എ നൽകിയ കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരുന്നു.