മതഗ്രന്ഥങ്ങൾ സ്വീകരിച്ചതും റെഡ്ക്രസന്റ് ഇടപാടും നിയമവിരുദ്ധമല്ല: മുഖ്യമന്ത്രി

Thursday 17 September 2020 4:28 AM IST

തിരുവനന്തപുരം: വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ കോൺസുലേറ്റിൽ നിന്ന് മതഗ്രന്ഥങ്ങൾ സ്വീകരിച്ചതും ,ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യു.എ.ഇ ആസ്ഥാനമായ റെഡ്ക്രസന്റുമായി കരാറിലേർപ്പെട്ടതും തന്റെ ബോദ്ധ്യത്തിൽ ഒരു നിയമത്തിനും വിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വേണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത് വാർത്താലേഖകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടി.ലൈഫ് മിഷൻ ഇടപാടിൽ റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ അന്വേഷണ ഏജൻസികൾ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. അക്കാര്യങ്ങൾ സർക്കാർ പരിശോധിക്കുകയാണ്. അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലൊന്നും ബന്ധമില്ലെന്ന നേരത്തേയുള്ള നിലപാടിൽ തന്നെയാണിപ്പോഴും സർക്കാർ നിൽക്കുന്നത്. റെഡ്ക്രസന്റുമായുള്ള എം.ഒയുവിന്റെ പകർപ്പ് പ്രതിപക്ഷനേതാവിന് നൽകാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ,അതിന് തനിക്കുത്തരം പറയാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.