സ്വപ്‌നയും റമീസുംആശുപത്രി വിട്ട് വീണ്ടും ജയിലിൽ

Wednesday 16 September 2020 11:28 PM IST

തൃശൂർ: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും കെ.ടി. റമീസിനെയും വിയ്യൂർ ജയിലിൽ തിരികെയെത്തിച്ചു. റമീസിനെ അതിസുരക്ഷാ ജയിലിലേക്കും, സ്വപ്‌നയെ വനിതാ ജയിലിലേക്കുമാണ് മാറ്റിയത്. റമീസിന് എൻഡോസ്‌കോപ്പി നടത്തി. സ്വപ്‌നയ്ക്ക് ആൻജിയോഗ്രാം നിർദ്ദേശിച്ചെങ്കിലും വിസമ്മതിച്ചതിനാൽ പരിശോധന നടത്തിയില്ല. ഇതോടെ നെഞ്ച് വേദന അഭിനയമാണോയെന്ന സംശയം ബലപ്പെട്ടു.മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് പരിശോധനാ ഫലങ്ങൾ വിലയിരുത്തി വിടുതൽ നിർദ്ദേശിച്ചത്.ഇരുവരും ഒന്നിച്ച് ആശുപത്രിയിലെത്തിയത് വിവാദത്തിനിടയാക്കിയിരുന്നു. കേസ് അട്ടിമറിക്കുന്നതിനും ഉന്നതതല ഗൂഢാലോചനയുടെയും ഭാഗമാണ് ഇതെന്നായിരുന്നു ആരോപണം.കഴിഞ്ഞ ദിവസം സ്വപ്‌നയുടെ ഭർത്താവും മകനുമായി കോടതിയുടെ അനുമതിയോടെ സംസാരിച്ചിരുന്നു. ചൊവ്വാഴ്ചയും ഇവർ എത്തിയെങ്കിലും സന്ദർശനത്തിനും സംസാരിക്കുന്നതിനും അനുമതി നൽകിയില്ല.