കൊവിഡ് പ്രതിരോധം തകർക്കാൻ അനുവദിക്കില്ല
Wednesday 16 September 2020 1:21 AM IST
തിരുവേനന്തപുരം: കൊവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ ബോധപൂർവമായ നീക്കമാണ് പ്രതിപക്ഷം ഇന്നലെ തലസ്ഥാനത്തടക്കം പല കേന്ദ്രങ്ങളിലും നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടറിയറ്റിനു മുന്നിലെ സമരത്തെ സമരമെന്ന് പറയാനാകില്ല. കുറേ ആളുകളെ കൂട്ടിവന്നുള്ള സമരാഭാസമാണത്. പ്രോട്ടോക്കോൾ ലംഘിച്ചുള്ള സമരങ്ങൾ ഹൈക്കോടതി വിലക്കിയതാണ്.
മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും പൊതുസ്ഥലത്ത് ഇടപഴകാൻ ആർക്കും അനുവാദമില്ല. പരസ്യമായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനുനേരെ ചീറിയടുക്കുന്ന കുറേ ആളുകളെയാണ് കണ്ടത്. അവർ നാടിന്റെ സുരക്ഷയും സമാധാനവുമാണ് നശിപ്പിക്കുന്നത്. അത്തരം നീക്കങ്ങളെ ഒരു കാരണവശാലും അനുവദിക്കാനാവില്ല.