കമറുദ്ദീനെതിരായ തട്ടിപ്പുകേസ്: കർശനനടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുസ്ലിംലീഗ് എം.എൽ.എ എം.സി. കമറുദ്ദീനെതിരായ തട്ടിപ്പുകേസിൽ കൂടുതൽ കർക്കശമായ നടപടികളിലേക്ക് നീങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കമറുദ്ദീനെതിരായ കേസ് സാധാരണഗതിയിൽ ഗൗരവമുള്ളതാണ്. നിരവധിയാളുകൾ വഞ്ചിക്കപ്പെട്ടു. കമറുദ്ദീന്റെ അനുയായികളടക്കം പരാതിപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. അതുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണമാണ് നടക്കുന്നത്. അത് വിട്ടുവീഴ്ചയില്ലാതെ നടക്കും. തെറ്റ് എത്രത്തോളമുണ്ടോ അതിനനുസരിച്ചുള്ള നടപടി ഉണ്ടാവും. ഏതെങ്കിലും വിധത്തിൽ രക്ഷപ്പെട്ടുകളയാമെന്ന് ആരും വ്യാമോഹിക്കേണ്ട. ഇപ്പോൾ കാണുന്ന പ്രവണത ഇവിടെ നിന്ന് പണം തട്ടിയെടുത്ത് മറ്റ് ചിലേടത്ത് കൊണ്ടുപോയി നിക്ഷേപിക്കുന്നതാണ്. അങ്ങനെ രക്ഷപ്പെട്ടുകളയാമെന്ന് ധരിക്കുന്ന തട്ടിപ്പുവീരന്മാരും അങ്ങനെയൊന്നും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.