സ്വർണക്കടത്ത് കേസിലേക്ക് യു.എ.ഇയെ വലിച്ചിടാൻ സി.പി.എം ശ്രമം: കെ.സുരേന്ദ്രൻ
കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ യു.എ.ഇ യെ വലിച്ചിട്ട് രക്ഷപ്പെടാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ യു.എ.ഇ കൂട്ടുനിന്നെന്ന് വരുത്തിത്തീർക്കാനാണ് നീക്കം. സി.പി.എം സെക്രട്ടേറിയറ്റിന്റെ പ്രസ്താവന യു.എ.ഇ യിലെ ലക്ഷക്കണക്കിന് മലയാളികളെയാണ് പ്രതികൂലമായി ബാധിക്കുക. ഫൈസൽ ഫരീദ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരിൽ അയച്ച പാഴ്സൽ എങ്ങനെയാണ് നയതന്ത്ര ബാഗേജാവുകയെന്ന് സി.പി.എം വ്യക്തമാക്കണം.
എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിലുള്ളതും, വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും കേന്ദ്ര ധനകാര്യമന്ത്രിയും പറഞ്ഞതും ഒന്നു തന്നെയാണ്. കള്ളക്കടത്തിനെ മതപരമായ പ്രശ്‌നമാക്കി മാറ്റാനാണ് ജലീലിന്റെ ശ്രമം. ഖുറാൻ കൊണ്ടുവരുന്നതിന് ആരും എതിരല്ല, പക്ഷേ, അതിന്റെ മറവിൽ കള്ളക്കടത്തിനാണ് നീക്കം നടന്നത്.
മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈനിലായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ തുക ജയരാജന്റെ മകൻ കൈപ്പറ്റിയെന്ന ആരോപണം ശക്തമായിരിക്കെയാണ് മന്ത്രിയുടെ ഭാര്യ ബാങ്കിൽ എത്തി ലോക്കർ തുറന്നത്.