അദാനിക്കായി ചട്ടങ്ങൾ കാറ്റിൽപ്പറത്തി: കെ.സി. വേണുഗോപാൽ
Wednesday 16 September 2020 1:30 AM IST
ന്യൂഡൽഹി: തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് എല്ലാ നിയമങ്ങളും, വ്യവസ്ഥകളും ലംഘിച്ചാണെന്നും വൻ അഴിമതിയും സ്വജനപക്ഷപാതവുമായ നടപടി അന്വേഷണ വിധേയമാക്കണമെന്നും കെ.സി വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. മുംബയ് വിമാനത്താവളത്തിന്റെ 74 ഓഹരികൾ അദാനി ഗ്രൂപ്പിന് നൽകാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടിൽക്കൂടുതൽ വിമാനത്താവളങ്ങൾ ഒരേ കമ്പനിക്ക് കൈമാറരുതെന്ന ധനമന്ത്രാലയത്തിന് കീഴിലെ സാമ്പത്തിക വിഭാഗത്തിന്റെയും മുൻപരിചയം കണക്കിലെടുക്കണമെന്ന നീതി ആയോഗിന്റെയും നിർദേശങ്ങൾ അവഗണിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട് അതോറിറ്റി ഓഫ് അദാനി ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു.