കൊവിഡ് : സ്‌പാനിഷ് ഫ്ലുവിന് സമാനമെന്ന് മുഖ്യമന്ത്രി

Wednesday 16 September 2020 1:33 AM IST

തിരുവനന്തപുരം : കൊവിഡ് സൃഷ്ടിച്ചത് സ്പാനിഷ് ഫ്ലൂവിന് സമാനമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്പാനിഷ് ഫ്ലൂ പോലെ കുറച്ചുസമയം കഴിയുമ്പോൾ കൊവിഡും അപ്രത്യക്ഷമായേക്കാം. എന്നാൽ അഞ്ച് കോടി മനുഷ്യരുടെ ജീവൻ കവർന്ന ചരിത്രം ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം.
സംസ്ഥാനത്ത് പല മേഖലകളിലും ജാഗ്രതക്കുറവ് കാണുന്നു. സ്വയം നിയന്ത്രണം പാലിക്കാൻ പലരും മടിക്കുന്നു. . രോഗവ്യാപനം അനിയന്ത്രിതമായെന്നും ,മുൻകരുതലുകൾ പാലിക്കുന്നതിൽ ഇനി വലിയ കാര്യമില്ലെന്നുമാണ് പ്രചാരണം. വരുന്നിടത്തു വച്ചു നോക്കാമെന്ന ചിന്താഗതിയും വളരുന്നു. ഇതപകടകരമാണ്. രോഗവ്യാപനത്തിന്റെ തോത് ചികിത്സാ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നതിലും അധികമായാൽ മരണസംഖ്യയും കൂടും. അങ്ങനെ സംഭവിക്കില്ലെന്ന് എല്ലാവരും ഉറച്ച തീരുമാനമെടുക്കണം. വാക്‌സിനുകൾ വരുന്നതു വരെ മാസ്‌ക്ക് ധരിക്കണം. ഒരാൾ സ്വയം ചുറ്റും സുരക്ഷാകവചം തീർക്കണം. വീട്ടിലെ അംഗങ്ങൾ ഒഴികെ മറ്റെല്ലാവരും ആ വലയത്തിന് പുറത്താണ്. ജോലി സ്ഥലങ്ങളിൽ ഒപ്പമുള്ളവരും സുഹൃത്തുക്കളുമായി ഇടപഴകുമ്പോൾ അശ്രദ്ധ കാണിക്കരുത്. ജനക്കൂട്ടവും, അടഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ ഒരുമിച്ച് ഇരിക്കുന്നതും ഒഴിവാക്കണം.

മരണ നിരക്ക് കുറവ് കേരളത്തിൽ

ലോകത്തിതുവരെ 10 ലക്ഷത്തിൽ 119 പേരെന്ന നിരക്കിലാണ് കൊവിഡ് മരണം.. ഇന്ത്യയിൽ ഇത് 58 ഉം, കേരളത്തിൽ 13 ഉം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിൽ ആദ്യ ഘട്ടത്തിൽ രോഗം ഉച്ചസ്ഥായിയിലെത്താതെ നീട്ടിക്കൊണ്ടു പോകാൻ നമുക്ക് സാധിച്ചു. ഈ ജാഗ്രത മുന്നോട്ടു കൊണ്ടുപോയേ തീരൂ.