കെട്ടുകഥകളെന്ന് പറഞ്ഞ് എത്രനാൾ മുഖ്യമന്ത്രി കബളിപ്പിക്കും: ചെന്നിത്തല

Wednesday 16 September 2020 1:48 AM IST

തിരുവനന്തപുരം: ഉയർന്നുവരുന്ന വിവാദങ്ങളെല്ലാം കെട്ടുകഥകളാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് എത്രനാൾ ജനങ്ങളെ കബളിപ്പിക്കാനാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ചോദിച്ചു. മന്ത്രിമാർ, മന്ത്രിമാരുടെ മക്കൾ, പാർട്ടി സെക്രട്ടറിയുടെ മകൻ എന്നിവരൊക്കെ ഉൾപ്പെടുന്ന അഴിമതികളുടെയും കള്ളക്കടത്തന്റെയും കഥകൾ വ്യക്തമായിട്ടും അതൊക്കെ ജനങ്ങളോട് വിശദീകരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? സംസ്ഥാനത്തെ ഒരു മന്ത്രിയെ രാജ്യദ്രോഹപരമായ കുറ്റം ആരോപിക്കാവുന്ന വിഷയത്തിൽ ഇ.ഡി ചോദ്യം ചെയ്തിട്ട് അതിൽ മുഖ്യമന്ത്രി കാണിക്കുന്ന ലാഘവത്വം ഗൗരവതരമാണ്. ഗൾഫിൽ നിന്ന് വന്ന ഈന്തപ്പഴത്തിന് രുചിയുണ്ടോ എന്ന് ചോദിക്കാനല്ല ഇ.ഡി മന്ത്രിയെ വിളിച്ചുവരുത്തിയത്. അതിന്റെ കൂടെ വേറെയെന്തൊക്കെ കൊണ്ടുവന്നെന്നറിയാനാണ്.

ബാങ്കിലെ സീനിയർ മാനേജരായി റിട്ടയർ ചെയ്ത മന്ത്രി ജയരാജന്റെ ഭാര്യയ്ക്ക് അവിടെ ലോക്കറുള്ളതിൽ എന്ത് ആശ്ചര്യമാണുള്ളതെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. ഒരു മന്ത്രിപുത്രൻ ലൈഫ് മിഷനിൽ കൈക്കൂലിവാങ്ങിയെന്ന ആരോപണം പുറത്തുവന്നയുടൻ സ്രവപരിശോധനയ്ക്ക് സാമ്പിൾ കൊടുത്ത് ക്വാറന്റൈനിൽ കഴിയേണ്ടയാൾ പാഞ്ഞുചെന്ന് ലോക്കർ തുറന്നതാണ് അതിശയകരം.

'ജലീലിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നല്ല പറഞ്ഞത്'

മന്ത്രി ജലീലിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നല്ല താൻ പറഞ്ഞതെന്ന് വാർത്താലേഖകരുടെ ചോദ്യത്തിന് ചെന്നിത്തല മറുപടി നൽകി. ആരോപണങ്ങൾ അദ്ദേഹത്തിന്റെ പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ചും വന്ന പാഴ്സലിനെക്കുറിച്ചുമാണ്. അത് സി-ആപ്റ്റ് വഴി എന്തിന് കടത്തിയെന്നും വ്യക്തമാക്കിയിട്ടില്ല. ഇതിലെല്ലാം വ്യക്തത വരേണ്ടതുണ്ട്.