ജോലി തട്ടിപ്പ്: ചവറയിൽ പിടിയിലായ പ്രതികൾക്കെതിരെ കൂടുതൽ പരാതി

Wednesday 16 September 2020 1:51 AM IST

കൊല്ലം: ടൈറ്റാനിയത്തിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ചവറ പൊലീസ് അറസ്റ്റ് ചെയ്ത സ്ത്രീക്കും പൊതുപ്രവർത്തകനുമെതിരെ കൂടുതൽ പേർ രംഗത്ത്. തൃശൂർ അയ്യന്തോൾ ശ്രേയസിൽ ഗീതാ രാജഗോപാൽ (63, ഗീതാറാണി), ചവറ പയ്യലക്കാവ് മാണുവേലിൽ കോട്ടയ്ക്കകം സദാനന്ദൻ (55) എന്നിവരാണ് അറസ്റ്രിലായത്.

റെയിൽവേയ്ക്കും ടൈറ്റാനിയത്തിനും പുറമേ മിലിട്ടറി, ഐ.എസ്.ആർ.ഒ എന്നിവിടങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് വിവരം. ചവറയിലും പരിസരപ്രദേശങ്ങളിലുമുള്ള ഏഴുപേർ ടൈറ്റാനിയത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചു. പലപ്പോഴായി 35 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷം തട്ടിയെന്ന പരാതിയുമായി എട്ടുപേരും ഐ.എസ്.ആർ.ഒയിൽ ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷം തട്ടിയെന്ന പരാതിയുമായി ഏഴുപേരും പൊലീസിനെ സമീപിച്ചു.

ഇലക്ട്രോണിക് മെക്കാനിക്ക് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതായി ചവറ മടപ്പള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. കൊട്ടാരക്കര കേന്ദ്രീകരിച്ച് നടന്ന ഐ.എസ്.ആ‌ർ.ഒ തട്ടിപ്പിൽ സദാനന്ദന് പങ്കില്ലെന്നാണ് പ്രാഥമിക വിവരം. സദാനന്ദനെപ്പോലെ പൊതുപ്രവർത്തകനായ മറ്റൊരാളുടെ ഇടനിലയിലാണ് ഗീത കൊട്ടാരക്കരയിൽ തട്ടിപ്പ് നടത്തിയത്. ഈ പരാതിയിൽ കൊട്ടാരക്കര പൊലീസും അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ് ഗീതാറാണിയെന്ന് പൊലീസ് പറഞ്ഞു. കൊല്ലത്തിന് പുറമേ പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ളവരും തട്ടിപ്പിന് ഇരയായതായി സൂചനയുണ്ട്. ഒരുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വ്യക്തമായിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.

തട്ടിപ്പിന് പിന്നിൽ കൂടുതൽ പേരുൾപ്പെട്ടിട്ടുള്ളതായാണ് പൊലീസിന്റെ നിഗമനം. ഉദ്യോഗാർത്ഥികളുടെ പേരും വിവരങ്ങളും വ്യാജരേഖകൾ ചമയ്ക്കാൻ ടൈറ്റാനിയത്തിന്റെ ലെറ്റർ ഹെഡിന്റെയും സീലിന്റെയും മാതൃകകളും ഇവർക്ക് ലഭിച്ചതിന് പിന്നിൽ ഇവിടെ ജോലിചെയ്യുന്ന ആരുടെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അടുത്ത ദിവസം പ്രതികളെ കസ്റ്രഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.