സ്ഥാനക്കയറ്റത്തെച്ചൊല്ലി മോട്ടോർ വാഹന വകുപ്പിൽ അങ്കക്കലി
തിരുവനന്തപുരം: സ്ഥാനക്കയറ്റം സംബന്ധിച്ച് മിനിസ്റ്റിരീയൽ, ടെക്നിക്കൽ ജീവനക്കാർ തമ്മിലുള്ള തർക്കം, മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനം അവതാളത്തിലാക്കുന്നു. സ്ഥാനക്കയറ്റത്തിന് വ്യക്തമായ മാനദണ്ഡം നിശ്ചയിക്കാത്തതാണ് കാരണം.
സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള ജോയിന്റ് ആർ.ടി.ഒ മുതൽ മുകളിലുള്ള തസ്തികകളിൽ മിനിസ്റ്റീരിയൽ ജീവനക്കാരുമെത്തുന്ന വിധത്തിലുള്ള നിലവിലെ പ്രൊമോഷൻ സംവിധാനം മാറ്റണമെന്ന നിരവധി റിപ്പോർട്ടുകൾ സർക്കാരിനു മുന്നിലുണ്ടെങ്കിലും നടപ്പാക്കുന്നില്ല. ഇത് കാരണം ഒരുമിച്ച് ജോലി ചെയ്യുന്നവർ പരസ്പരം പോരടിക്കുന്നു.
ജോയിന്റ് ആർ.ടി.ഒ മാരുടെ മൂന്ന് ഒഴിവിൽ രണ്ടെണ്ണം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും (എം.വി.ഐ) ഒരെണ്ണം മിനിസ്റ്റീരിയൽ വിഭാഗത്തിനുമാണ്. അസി.എം.വി.ഐ മാരായി ജോലിയിൽ പ്രവേശിക്കുന്നയാൾ ജോയിന്റ് ആർ.ടി.ഒ ആകാൻ 22 മുതൽ 24 വർഷം വരെ സർവീസ് വേണ്ടിവരും. ക്ലാർക്കായി ജോലിയിൽ പ്രവേശിക്കുന്നയാൾക്ക് 17-18 വർഷം മതി. പ്രശ്നത്തിൽ സർക്കാർ നടപടി ആവശ്യപ്പെട്ട് അസി.എം.വി.ഐ അസോസിയേഷന്റെയും, ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും.
ശാരീരിക ക്ഷമത അവർക്ക് മാത്രം
പത്താം ക്ലാസ് വിജയവും ആട്ടോ മൊബൈൽ ഡിപ്ലോമയും, ഹെവി ഡ്രൈവിംഗ് ലൈസൻസും ശാരീരികക്ഷമതയുമുണ്ടെങ്കിലേ അസി.എം.വി.ഐ ജോലിക്ക് അപേക്ഷിക്കാനാവൂ. ക്ലാർക്കിന് വേണ്ട അടിസ്ഥാന യോഗ്യത പത്താം ക്ലാസ് വിജയമാണ്. ഡ്രൈവിംഗ് ടെസ്റ്റിന്റെ അപ്പീൽ പരിശോധിക്കേണ്ടത് ജോയിന്റ് ആർ.ടി.ഒയാണ്. വാഹനാപകടങ്ങളുടെ കാരണം കണ്ടെത്തി റിപ്പോർട്ടാക്കേണ്ടത് ആർ.ടി.ഒയും. സാങ്കേതിക പരിജ്ഞാനമില്ലെങ്കിലും ക്ലാർക്കിന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ വരെയാകാം.
പാരാ പൊലീസ് ഫോഴ്സാണ് എം.വി.ഐ. മൂന്ന് മാസത്തെ പൊലീസ് ട്രെയിനിംഗിനും പാസിംഗ് ഔട്ട് പരേഡിനും ശേഷമാണ് നിയമനം. മിനിസ്റ്റീരയിൽ സ്റ്റാഫിൽ നിന്നെത്തുന്നവർക്ക് ഒരു പരിശീലനവും വേണ്ട.
ഗതാഗത വകുപ്പിന് മൗനം
മോട്ടോർ വാഹന വകുപ്പിൽ പ്രൊമോഷന് യോഗ്യത നിശ്ചയിക്കണമെന്ന് 2010ൽ പേ റിവിഷൻ കമ്മിറ്റിയും, പിന്നീട് ഡി.പി.സിയും ശുപാർശ ചെയ്തിരുന്നു. മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രൊമോഷൻ തസ്തിക ജോയിന്റ് ആർ.ടി.ഒ (അഡ്മിനിസ്ട്രേഷൻ) എന്നാക്കണമെന്ന് നിർദ്ദേശിച്ച് കഴിഞ്ഞ ജനുവരിയിൽ അയച്ച ഫയലും ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫീസിൽ സുഖനിദ്രയിലാണ്.