ജലീലിനോടുള്ള പക തീർക്കാൻ തേജോവധം

Wednesday 16 September 2020 2:06 AM IST

മന്ത്രി കെ.ടി. ജലീൽ ഒരുതെറ്റും ചെയ്തിട്ടില്ലെന്ന് പൊതുസമൂഹത്തിന് ബോദ്ധ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹത്തോട് വിരോധമുള്ള ചിലരുണ്ട്. നേരത്തേയുണ്ടായിരുന്ന പ്രസ്ഥാനം വിട്ട് എൽ.ഡി.എഫിനൊപ്പം അദ്ദേഹം വരാൻ തയാറായി. അതിലുള്ള പക ചിലർക്ക് വിട്ടുമാറുന്നില്ല.അതിന്റെ മറവിൽ തേജോവധം ചെയ്യുകയാണ്. ബി.ജെ.പിക്കും മുസ്ലിംലീഗിനും ഒരേ രീതിയിൽ കാര്യങ്ങൾ നീക്കാൻ ജലീൽ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയല്ലേ. രണ്ട് കൂട്ടർക്കും അവരുടേതായ ഉദ്ദേശ്യങ്ങളുണ്ട്. അതിനായി നാട് കുട്ടിച്ചോറാക്കാനുള്ള ശ്രമമാണ് നടത്തിയത്. മന്ത്രിയെ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നത് ആദ്യമായല്ല. എൽ.ഡി.എഫ് മന്ത്രിസഭയിൽ ആദ്യമാണ്. പക്ഷേ, കേരളത്തിൽ മന്ത്രിസ്ഥാനത്തിരിക്കുമ്പോൾ ആരെയൊക്കെയാണ് ചോദ്യം ചെയ്തത്. ആക്ഷേപം വന്നാൽ ഏത് ഏജൻസിയും പരിശോധന നടത്തും. ഇവിടെ പരിശോധനയ്ക്ക് അടിസ്ഥാനം ഖുറാൻ കൊണ്ടുവന്നതാണ്.

വിശുദ്ധഗ്രന്ഥം കൊടുക്കുകയെന്നത് വിശ്വാസികളെ സംബന്ധിച്ച് പ്രധാനമാണ്. അത് തെറ്റായി ബി.ജെ.പിക്ക് തോന്നാം. അതേ വികാരത്തോടെ ലീഗ് അതിനെയെടുക്കണോ?

ഇതിന്റെ മറവിൽ സ്വർണം കടത്തുന്നതിനായി മന്ത്രിയെ അടക്കം കബളിപ്പിച്ചിട്ടുണ്ടാകുമോയെന്ന ചോദ്യത്തിന്, സംശയിക്കുന്നത് നേരായ വസ്തുതയുടെ അടിസ്ഥാനത്തിലേ ആകാവൂ എന്നായിരുന്നു മറുപടി.