ഉമ്മൻചാണ്ടിയുടെ അനിയൻ, പുതുപ്പള്ളിക്കാരുടെയും
കോട്ടയം: പുതുപ്പള്ളിക്കാരുടെ 'അനിയനാണ്" ഉമ്മൻചാണ്ടിയുടെ ഇളയ സഹോദരൻ അലക്സ് വി. ചാണ്ടി. അലക്സിനെക്കാൾ മൂത്തവരും ഇളയവരും അങ്ങനയേ വിളിക്കൂ. കുഞ്ഞൂഞ്ഞ് ചാർത്തിക്കൊടുത്ത അനിയൻ വിളി നാട്ടുകാർ ഏറ്റെടുത്തതാണ്.
അനിയന് ജീവിതത്തിൽ ഒരു കാര്യത്തിലേ കുറ്റബോധം തോന്നിയിട്ടുള്ളൂ, 'രണ്ട് വയസിന് മൂത്ത ഉമ്മൻചാണ്ടിയെ നാട്ടുകാരും വീട്ടുകാരും വിളിക്കുന്നത് കേട്ട് 'കുഞ്ഞൂഞ്ഞെന്ന്" വിളിക്കുന്നത്. കുഞ്ഞൂഞ്ഞ് എതിരൊന്നും പറഞ്ഞതുമില്ല. ചേട്ടാന്നോ അച്ചായായെന്നോ വിളിച്ചാൽ മതിയെന്ന് പിന്നീട് പലതവണ തോന്നി. പക്ഷേ വർഷങ്ങളായി വിളിച്ചുവന്നത് പെട്ടെന്ന് മാറ്റാനും വയ്യ''- ഉമ്മൻചാണ്ടിയോടു പോലും പറയാത്ത ധർമസങ്കടം അനിയൻ പങ്കുവച്ചു.
ഉമ്മൻചാണ്ടി അന്നും സൗമ്യനാണ്. ഒരിക്കൽ എന്തോ കുസൃതി കാട്ടിയപ്പോൾ ദേഷ്യംവന്ന അമ്മ അനിയന്റെ കൈപിടിച്ച് വലിച്ചടിപ്പിച്ച ശേഷം വടിയെടുത്ത് ആഞ്ഞാഞ്ഞ് തല്ലി. അരുതെന്ന് പറഞ്ഞ് അരികിലെത്തിയിട്ടും അമ്മ തല്ലു തുടർന്നു. തുടർന്ന് അല്പംകൂടി ഉച്ചത്തിൽ തല്ലരുതെന്ന് പറഞ്ഞു. അമ്മയുടെ കയർത്ത് പറയേണ്ടി വന്നതിന്റെ സങ്കടമായിരുന്നു ഉമ്മൻചാണ്ടിക്ക് അന്ന് മുഴുവൻ.
കുട്ടിനിക്കറുമിട്ട് അനിയനൊപ്പം സൈക്കിളിലായിരുന്നു സ്കൂളിൽ പോകുന്നത്. അവധിദിവസങ്ങളിൽ ഒന്നരക്കിലോമീറ്റർ അകലെയുള്ള പറമ്പിൽ നിന്ന് മാങ്ങ പറിക്കലായിരുന്നു പ്രധാന വിനോദം. പുതുപ്പള്ളിപ്പെരുന്നാളിന് പള്ളിപ്പറമ്പിൽ കുഞ്ഞൂഞ്ഞും അനിയനും ഉൾപ്പെടെ ഒരുപടയ്ക്കുള്ള ആളുണ്ടാവും സൈക്കിൾ ചവിട്ടാൻ.
ഒരിക്കൽ ഉമ്മൻചാണ്ടിക്ക് അനിയൻ പള്ളിവികാരിയുടെ തല്ലും വാങ്ങിക്കൊടുത്തിട്ടുണ്ട്. ഞായറാഴ്ച കുർബാനയ്ക്കിടെ അഞ്ചു വയസുള്ള അനിയൻ പള്ളിമണിയിൽ ആഞ്ഞു വലിച്ചു. കുബാർനയ്ക്കിടെ മണിയടിക്കരുതെന്നാണ് ചട്ടം. ശബ്ദം കേട്ട് പെട്ടെന്ന് ചെറുശാസനയോടെ കുഞ്ഞൂഞ്ഞ് അനിയനിൽ നിന്ന് കയർവാങ്ങി. ആളുകൾ നോക്കുന്നുണ്ടെന്ന് മനസിലായതോടെ ഇരുവരും സൺഡേ ക്ലാസിലേക്ക് മുങ്ങി.
കുട്ടിക്കളെക്കുറിച്ച് തിരിക്കിയിറങ്ങി വികാരിയച്ചൻ സൺഡേ ക്ളാസിലെത്തി. അപകടം മണത്ത ഒന്നാം ക്ലാസുകാരനായ അനിയൻ അദ്ധ്യാപകരുടെ കണ്ണുവെട്ടിച്ച് മൂന്നാംക്ളാസിൽ കുഞ്ഞൂഞ്ഞിനൊപ്പം ഇരുപ്പുറപ്പിച്ചിരുന്നു. വികാരിയച്ചൻ വന്ന് അനിയനോട് കാര്യം ചോദിച്ചപ്പോൾ കുഞ്ഞൂഞ്ഞ് കുറ്റം ഏറ്റെടുത്തു. ഒടുവിൽ അച്ഛന്റെ ചൂരൽ കുഞ്ഞൂഞ്ഞിന്റെ വലംകൈയിൽ പാട് വീഴ്ത്തി.