പ്രിയ അപ്പ, സ്‌നേഹ നിധി

Wednesday 16 September 2020 2:58 AM IST

രണ്ടുവയസുള്ളപ്പോൾ ഒരു ഹർത്താൽ ദിനത്തിലാണ് അപ്പയെ ഞാൻ ശരിക്കും 'പരിചയപ്പെടുന്നത്'. രാഷ്‌ട്രീയ തിരക്കുകൾ കാരണം അതുവരെ അദ്ദേഹം അകലം പാലിച്ചിരുന്നു. പനിയുമുണ്ടായിരുന്നതുകൊണ്ട് അപ്പ വീട്ടിൽ താമസിച്ചു. ഹർത്താൽ പൊതുവെ ശാപമാണെങ്കിലും എന്നിക്ക് അനുഗ്രഹമായി. തിരഞ്ഞെടുപ്പു കാലത്ത് ജയിച്ച് വീട്ടിൽ വരുമ്പോഴാണ് അതിനു ശേഷം ആളെ അടുത്തു കാണുന്നത്.

അധികാരത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും വീട്ടിൽ വ്യാത്യാസം അനുഭവപ്പെട്ടിട്ടില്ല. പുറത്തും കുടുംബത്തിലും പുറത്തും തുറന്ന മനസ്ഥിതിക്കാരൻ. ഞങ്ങൾക്കെല്ലാം സ്വാതന്ത്ര്യം നൽകിയിരുന്നു. പരീക്ഷയ്‌ക്ക് കുറഞ്ഞാൽ ശകാരമില്ല, വിഷമിപ്പിക്കില്ല. '60 മാർക്ക് വാങ്ങണം. കൂടുതൽ വാങ്ങിയാൽ അടിമേടിക്കും' എന്നു പറയും. എല്ലാവരെയും ഒരു കംഫോർട്ട് സോണിൽ കൊണ്ടുവരും. തിരക്കിനിടയിലും ചെറിയ ആഗ്രഹമാണെങ്കിലും നിറവേറ്റിത്തരും.

ഇഷ്‌ടനേതാവായ രാജീവ് ഗാന്ധിയുടെ അകാല മരണത്തിൽ ദു:ഖിച്ചിരുന്ന എന്നെ ഡൽഹിയിൽ കൊണ്ടുപോകാമെന്നും വീർഭൂമിയിലെ സമാധി കാണിക്കാമെന്നും ഏറ്റിരുന്നു. 1994ൽ ധനമന്ത്രി സ്ഥാനം രാജിവയ്‌ക്കുന്നതിന് മുമ്പുള്ള അവസാന ഡൽഹി യാത്രയിൽ എന്നെയും കൊണ്ടുപോയി. വീർഭൂമി കാണിച്ചു തന്നു. സോണിയാ ഗാന്ധിയെ പരിചയപ്പെടുത്തി.

പഠിക്കുന്ന സമയത്ത് ഡൽഹിയിൽ ഹോസ്‌റ്റലിൽ താമസിക്കുന്ന സമയത്ത് രാത്രി 10മണിക്ക് മുൻപ് തിരികെ വരണമെന്ന് നിഷ്‌കർഷിക്കും. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി രാത്രി വൈകിയാൽ ഉറങ്ങാതെ കാത്തിരുന്ന് വിളിക്കും. അതിപ്പോഴുമുണ്ട്. രക്ഷകർത്താവ് എന്ന നിലയിൽ സ്‌കൂളിലും കോളേജിലുമൊന്നും വരാൻ കഴിഞ്ഞിട്ടില്ല. അമ്മയാണ് അതെല്ലാം നിറവേറ്റിയത്.

അനുയായികൾക്കൊപ്പമാണ് അപ്പയുടെ ജീവിതം. കുട്ടിക്കാലത്ത് വീട്ടിലെ കാഴ്‌ചകൾ മറക്കാനാകില്ല. ഡെെനിംഗ് റൂമിലും ഡ്രായിംഗ് മുറിയിലും ഓഫീസ് മുറിയിലുമെല്ലാം നിറയെ ആളുകളായിരിക്കും. അധികാരത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും അതിൽ മാറ്റമില്ല. മുഖ്യമന്ത്രിയായ ശേഷമാണ് ഡൈനിംഗ് റൂമിൽ ആളുകയറുന്നത് നിന്നത്.

2003ൽ ഞാൻ ആദ്യമായി പങ്കെടുത്ത സമരത്തിനിടെ ചില്ലറ കശപിശയുണ്ടായി. പൊലീസ് അറസ്‌റ്റു ചെയ്‌തവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. അടുത്ത ദിവസം പത്രങ്ങളിൽ ഫോട്ടോ വന്നു. അതിന്റെ തൊട്ടടുത്താണ് അജിത് ജോഗിയുടെ മകന്റെ വാർത്തയും വന്നത്. പത്രം കാണിച്ചിട്ട് അദ്ദേഹം ഇങ്ങനെ ആകരുതെന്ന് പറഞ്ഞു.

തൊഴിൽ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അദ്ദേഹം എല്ലാ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. രാഷ്‌ട്രീയത്തിലേക്ക് വരാൻ പ്രോത്‌സാഹിപ്പിച്ചിട്ടൊന്നുമില്ല. എന്നാൽ ചില നിർദ്ദേശങ്ങളൊക്കെ തരും. അധികം പരത്തിപ്പറയാത്ത ആളായതിനാൽ സൂചനകളിൽ നിന്ന് നമ്മൾ മനസിലാക്കണം. അതിലെല്ലാമുണ്ടാകും.

ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് മുഴുവൻ സമയവും ഫോണിലൂടെ ആളുകളെ ബന്ധപ്പെട്ടു. ഇങ്ങനെ വിളിച്ച 10,000 ഫോൺ വിളികളു‌ടെ വിവരങ്ങൾ അദ്ദേഹം എഴുതി വച്ചിട്ടുണ്ട്. പാസിനും മറ്റു സഹായത്തിനുമായി വിളിച്ചവരാണ് ഏറെയും. പതുപ്പള്ളിക്കാരുമായി വല്ലാത്തൊരു ആത്മബന്ധമുണ്ട്. 1998ൽ ഫൊക്കാന പരിപാടിക്ക് യു.എസിൽ ഞങ്ങൾ കുടുംബ സമേതം പോയിരുന്നു. ഒരുചടങ്ങ് കഴിഞ്ഞ് രാത്രി 12മണിക്ക് താമസ സ്ഥലത്തെത്തിയപ്പോൾ രണ്ട് പുതുപ്പള്ളിക്കാർ കാത്തിരിക്കുന്നു. 100 കിലോമീറ്റർ അകലെയുള്ള അവരുടെ സ്ഥലത്ത് ഭക്ഷണം കഴിക്കാനുള്ള ക്ഷണവുമായി. പപ്പ നിരസിച്ചില്ല. അങ്ങോട്ടുമിങ്ങോട്ടും ആറുമണിക്കൂർ യാത്ര കഴിഞ്ഞ് വെളുപ്പിനെ ആറുമണിക്കാണ് മടങ്ങിയെത്തിയത്. രാവിലെ തിരക്കിട്ട പരിപാടികളുള്ളതിനാൽ വിശ്രമിക്കാൻ പോലും സമയം കിട്ടിയില്ല. പുതുപ്പള്ളിക്കാരോട് പപ്പ ഇങ്ങനെയാണ്. ഇന്നിപ്പോൾ ഓരോ മലയാളിയും ഒരു പുതുപ്പള്ളിക്കാരനാണ് അദ്ദേഹത്തിന്.

പ്രവൃത്തിയിലൂടെ എതിരാളികളെ തന്നിലേക്കടുപ്പിക്കാൻ പ്രത്യേക കഴിവുണ്ട്. 70കളിൽ ഒരു ചർച്ചയ്‌ക്കിടെ കയ്യേറ്റം ചെയ്‌ത സി.ഐ.ടി.യുക്കാരൻ പിന്നീട് മികച്ച ഐ.എൻ.ടി.യു.സിക്കാരനുള്ള അവാർഡ് അദ്ദേഹത്തിൽ നിന്ന് തന്നെ വാങ്ങി. 2013ന് അദ്ദേഹത്തിനെ കല്ലെറിഞ്ഞ കേസിലെ ഇടതുപക്ഷക്കാരനായിരുന്ന ആളിപ്പോൾ യു.ഡി.എഫിലാണ്.

രാഷ്‌ട്രീയമായ പ്രതിസന്ധികളിൽ ആളുകൾ പലതും പറയുമെങ്കിലും അപ്പ അതൊന്നും കാര്യമാക്കിയിട്ടില്ല. വിമർശനങ്ങളെക്കുറിച്ച് അലോസരപ്പെടാതെ ജോലിയിൽ ശ്രദ്ധിക്കുന്നതാണ് രീതി.