ബെഹ്‌റയെ ഉടൻതന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ മുൻകൈയെടുത്ത് മാറ്റും, 'വിശ്വസ്ഥന്' വേണ്ടി പിണറായി സർക്കാർ കാത്തുവച്ചിരിക്കുന്നത് സുപ്രീംകോടതി ജഡ്‌ജിക്ക് തുല്യം റാങ്കുള്ള ഉന്നതപദവി?

Wednesday 16 September 2020 10:37 AM IST

തിരുവനന്തപുരം: പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയ്‌ക്ക് കാലാവധി കഴിഞ്ഞാലും സംസ്ഥാനത്ത് ഉന്നതപദവി നൽകും. സുപ്രീംകോടതി ജഡ്‌ജിയുടെ റാങ്കുള്ള മുഖ്യ വിവരാവകാശ കമ്മിഷണർ, നെടുമ്പാശേരി വിമാനത്താവളത്തിന്റെ എം.ഡി പദവികളിലേക്ക് ബെഹറയെ പരിഗണിക്കുന്നുണ്ട്.

നിലവിലെ എം.ഡി വി.ജെ കുര്യന്റെ കാലാവധി അടുത്ത ജൂണിൽ അവസാനിക്കും. 2017ൽ വിരമിച്ച കുര്യന് കാലാവധി നീട്ടി നൽകുകയായിരുന്നു. ബെഹറ സർവീസിൽ നിന്ന് വിരമിക്കുന്നതും ജൂണിലാണ്.

നവംബറിലാണ് മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൺ എം. പോൾ വിരമിക്കുന്നത്. നിലവിൽ സുപ്രീംകോടതി ജഡ്‌ജിയുടെ റാങ്കാണെങ്കിലും കേന്ദ്രഭേദഗതി വന്നതോടെ തസ്തിക ചീഫ് സെക്രട്ടറി റാങ്കിലേക്ക് താഴും. നിലവിൽ 2.75 ലക്ഷം രൂപ ശമ്പളവും കാറും ഔദ്യോഗിക വസതിയും സ്റ്റാഫുമുണ്ട്.

നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണി കാലാവധി കഴിഞ്ഞെത്തുമ്പോൾ അദ്ദേഹത്തെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കാനും ആലോചനയുണ്ട്. അതിനാലാണ് ബെഹറയെ നെടുമ്പാശേരിയിലേക്ക് പരിഗണിക്കുന്നത്.

നാലുവർഷമായി ഡി. ജി. പി പദവിയിലുള്ള ബെഹറയെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റാനിടയുണ്ട്. മൂന്നുവർഷം ഒരേ കസേരയിലിരുന്നവരെ മാറ്റുകയാണ് പതിവ്. അതിനാൽ തിരഞ്ഞെടുപ്പിന് മുൻപ് ബെഹറയ്ക്ക് പുതിയ നിയമനം നൽകാനും ഇടയുണ്ട്. ഡി. ജി. പി പദവിയിലുള്ള ഋഷിരാജ് സിംഗ്, ടോമിൻ തച്ചങ്കരി എന്നിവരെ കൂടാതെ 3 പേരുടെ പട്ടികയും ചേർത്താണ് യു.പി.എസ്.സിക്ക് നൽകേണ്ടത്. ഡിജിപി തസ്തികയിലുള്ള ആർ.ശീലേഖ ഡിസംബറിൽ വിരമിക്കും. എ.ഡി.ജി.പിമാരായ സുധേഷ്‌കുമാർ, അനിൽകാന്ത്, ബി.സന്ധ്യ എന്നിവരാണ് പിന്നാലെയുള്ളത്.