തദ്ദേശ തിരഞ്ഞെടുപ്പ്; കിടപ്പ് രോഗികൾക്കും കൊവിഡ് രോഗികൾക്കും തപാൽ വോട്ടിന് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ കിടപ്പ് രോഗികൾക്കും കൊവിഡ് രോഗികൾക്കും തപാൽ വോട്ട് ചെയ്യാൻ അനുമതി നൽകുന്നതിനുളള ഓർഡിനൻസിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. വോട്ടെടുപ്പിന് സമയം ഒരു മണിക്കൂർ വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ച ശമ്പളം പി.എഫിൽ നിക്ഷേപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായാണ് പിടിച്ചിരുന്നത്. ഈ തുക ഏപ്രിൽ മാസം മുതൽ പിൻവലിക്കാനും കഴിയും.
മുൻപ് ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്ന് വയ്‌ക്കാനും തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണമെന്നും സെപ്‌തംബർ 11ന് ചേർന്ന സർവ്വകക്ഷിയോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. ഈ വിവരം കാണിച്ച് സർക്കാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് അപേക്ഷിക്കും എന്ന് വ്യക്തമാക്കിയിരുന്നു. കൊവിഡ് സാഹചര്യവും അവ നിയന്ത്രിക്കുന്ന സർക്കാർ സംവിധാനങ്ങളും തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അതിന് വേണ്ടി പ്രവർത്തിക്കേണ്ടി വരുന്നത് സംസ്ഥാനത്ത് പ്രതിസന്ധിയാകുമെന്ന് സർക്കാർ പറഞ്ഞു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവച്ചാലും നവംബർ 12ന് മുൻപ് ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ.