ഖുർആൻ ആവശ്യപ്പെട്ടിരുന്നില്ല; സ്വീകരിച്ചത് കെ ടി ജലീലിന്റെ നിർദേശ പ്രകാരമെന്ന് കോളേജ്

Wednesday 16 September 2020 12:47 PM IST

മലപ്പുറം: ഖുർആൻ സ്വീകരിച്ചത് മന്ത്രി കെ.ടി. ജലീലിന്റെ നിർദേശ പ്രകാരമാണെന്ന് മലപ്പുറം പന്താവൂർ ഇർഷാദ് കോളേജ് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് മൗലവി. സ്ഥാപനം മന്ത്രിയോട് ഖുർആൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖുർആൻ നൽകിയാൽ വിതരണം ചെയ്യാനാകുമോ എന്ന് മന്ത്രി തന്നെ ഫോണിൽ വിളിച്ച് അന്വേഷിച്ചു. അക്കാലത്ത് വിവാദങ്ങൾ ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് ഖുർആൻ സ്വീകരിച്ചതെന്നും കോളേജ് മാനേജ്മെന്റ് വ്യക്തമാക്കി.

വിവാദമുയർന്നതോടെ ഖുർആൻ വിതരണം ചെയ്യരുതെന്ന് മന്ത്രി പറഞ്ഞിരുന്നതായും പൊലീസും രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങൾ അന്വേഷിച്ചെന്നും അബൂബക്കർ സിദ്ദിഖ് മൗലവി പറഞ്ഞു. വിതരണത്തിന് തയ്യാറെടുക്കുന്ന സമയത്ത് മന്ത്രി വിളിച്ച ശേഷം നിങ്ങൾ അത് വിതരണം ചെയ്തോയെന്ന് അന്വേഷിക്കുകയായിരുന്നു. അതിനുളള ക്രമീകരണങ്ങൾ ചെയ്‌തു കൊണ്ടിരിക്കുകയാണെന്നും പൊട്ടിച്ച് ഒരെണ്ണം മാത്രം സാമ്പിൾ നോക്കിയെന്നും മന്ത്രിയോട് പറഞ്ഞു. തുടർന്ന് അത് വിതരണം ചെയ്യേണ്ടായെന്നും താൻ അറിയാക്കാമെന്ന് മന്ത്രി പറയുകയായിരുന്നുവെന്നും അബൂബക്കർ സിദ്ദിഖ് മൗലവി മാദ്ധ്യമങ്ങളോട് പറഞ്ഞു.