ഒടുവിൽ ആ കടുംകൈ ചെയ്യേണ്ടി വന്നു, നൂറുദിന കർമ്മപരിപാടികളുടെ ഫയലുകൾ താൻ ഒളിപ്പിച്ചുവച്ചത് എന്തിന്? ചാണ്ടി ഉമ്മൻ പറയുന്നു
തിരുവനന്തപുരം: ഉമ്മൻചാണ്ടി നിയമസഭാംഗത്വത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കെ തന്റെ പ്രീയപ്പെട്ട അപ്പയെകുറിച്ച് മനസിൽ തങ്ങി നിൽക്കുന്ന ഓർമ്മ പങ്കുവയ്‌ക്കുകയാണ് അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ. സ്വന്തം ആരോഗ്യം പോലും നോക്കാതെ ഇരുപത്തിനാല് മണിക്കൂറും കർമ്മനിരതനായി പ്രവർത്തിക്കുന്ന ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നുപ്പോഴുളള സംഭവമാണ് ചാണ്ടി ഉമ്മൻ കേരളകൗമുദിയോട് പങ്കുവച്ചത്.
''മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം നൂറുദിന കർമ്മപരിപാടികൾ പ്രഖ്യാപിച്ചു. വീട്ടിൽ രാത്രി രണ്ട് മണിവരെ ഒറ്റയ്‌ക്കിരുന്ന് ഫയലുകൾ പഠിച്ച് അദ്ദേഹം ഒപ്പിടാൻ തുടങ്ങി. വെളുപ്പിന് നാല് മണിയ്‌ക്ക് എഴുന്നേറ്റ് വീണ്ടും ഫയലിന് മുന്നിലിരിക്കും. ആരോഗ്യം പോലും നോക്കാതെ ദിവസവും ഇതു തന്നെ അദ്ദേഹം ചെയ്‌തുകൊണ്ടിരുന്നു. ഒരു ദിവസം ഞാൻ ഈ ഫയലുകളെടുത്ത് ഒളിപ്പിച്ച് വച്ചു. പിറ്റേദിവസം രാവിലെ എഴുന്നേറ്റ് അദ്ദേഹം ഫയൽ തപ്പാൻ തുടങ്ങി. ഏഴു മണി ആയപ്പോൾ ഉറങ്ങികിടന്ന എന്റെയടുത്ത് വളരെ വിഷമിച്ച് ഫയലൊക്കെ എന്തിയേ എന്ന് ചോദിച്ച് അപ്പ വന്നുനിൽക്കുകയായിരുന്നു. ഞാൻ അയ്യടാ എന്ന് ആയി പോയ നിമിഷമായിരുന്നു അത്.'' എന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്.
അപ്പയെ കാണാത്തതിൽ കുട്ടിക്കാലത്ത് തനിക്ക് വിഷമമൊന്നും ഉണ്ടായിരുന്നില്ല. കാരണം താൻ ജനിക്കുമ്പോഴേ ഇങ്ങനെയൊരാളെ വീട്ടിൽ കാണാറില്ലായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറയുന്നു. തന്നെ സംബന്ധിച്ച് രണ്ടു വയസ് വരെ അദ്ദേഹം അപരിചിതനായിരുന്നു. ഒരു ഹർത്താൽ ദിവസത്തിലാണ് താൻ അപ്പയെ പരിചയപ്പെടുന്നത്. കാരണം അന്നാണ് അപ്പയെ മന:സമാധാനത്തോടെ വീട്ടിൽ കിട്ടിയത്. കുട്ടിക്കാലത്ത് അദ്ദേഹത്തോട് വലിയ പരിചയക്കുറവുണ്ടായിരുന്നു. അപ്പ വീട്ടിലുളള ഒരു ദിവസം തന്റെ ഓർമ്മയിൽ ഇല്ലായിരുന്നു. എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ കേരളകൗമുദിയോട് മനസ് തുറന്നു.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ സംഭവത്തെപ്പറ്റിയും ചാണ്ടി ഉമ്മൻ ഓർത്തെടുത്തു. ''ജീവിതത്തിൽ ഞങ്ങൾക്കുണ്ടായ ഏറ്റവും വലിയ വിഷമം കണ്ണൂരിൽ അദ്ദേഹത്തെ കല്ലെറിഞ്ഞതാണ്. ആ കല്ല് ഒരിഞ്ച് മാറി പോയിരുന്നെങ്കിൽ ഞങ്ങളെ സംബന്ധിച്ച് അത് തീരാ ദു:ഖമായി മാറുമായിരുന്നുവെന്നും'' ചാണ്ടി ഉമ്മൻ പറഞ്ഞു.