157 വർഷങ്ങൾക്ക് മുമ്പ് 50,000 ത്തിലേറെ സൈനികർ കൊല്ലപ്പെട്ട പ്രദേശത്ത് അദൃശ്യ രൂപങ്ങൾ, വീഡിയോ പകർത്തി കാർ യാത്രികൻ

Wednesday 16 September 2020 6:28 PM IST

ഹാരിസ്ബർഗ് : അമേരിക്കയിൽ പ്രേതങ്ങളുടെ സാന്നിദ്ധ്യം ഉണ്ടെന്ന് പറയുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഗെറ്റിസ്ബർഗ് ബാറ്റിൽഫീൽഡ്. ഈ പ്രദേശത്ത് കൂടി അസമയത്ത് സഞ്ചരിക്കാൻ ഇപ്പോഴും പലർക്കും ഭയമാണ്. അടുത്തിടെ രാത്രി ഇതുവഴി സഞ്ചരിക്കുന്നതിനിടെ രണ്ട് അദൃശ്യ രൂപങ്ങളെ കണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരാൾ. കഴിഞ്ഞാഴ്ചയാണ് പെൻസിൽവാനിയയിലെ ഗെറ്റിസ്ബർഗിൽ 157 വർഷങ്ങൾക്ക് മുമ്പ് അമേരിക്കൻ ആഭ്യന്തര യുദ്ധം നടന്ന സ്ഥലത്ത് രണ്ട് അദൃശ്യ രൂപങ്ങളെ കണ്ടെന്ന് പറയുന്നത്.

രാത്രി ഈ വഴി കാറിൽ സഞ്ചരിച്ച ഗ്രെഗ് യ്വെല്ലിംഗ് എന്ന 46 കാരനാണ് ഈ കാഴ്ച കണ്ടിരിക്കുന്നത്. കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കെയാണ് രണ്ട് അദൃശ്യ രൂപങ്ങളെ കാണാനിടെയായത്. ഉടൻ തന്നെ ഗ്രെഗ് തന്റെ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന്റെ ചരിത്രത്തെ പറ്റി പഠിക്കാനാണ് ഗ്രെഗും സംഘവും ഗെറ്റിസ്ബർഗിലെത്തിയത്. പ്രശ്സതമായ ഗെറ്റിസ്ബർഗ് യുദ്ധം നടന്ന പ്രദേശത്തും ഇവർ സന്ദർശനങ്ങൾ നടത്തിയിരുന്നു. എന്നാൽ രാത്രി ഇതുവഴി കാർ ഡ്രൈവ് ചെയ്യുന്നതിനിടെ എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടതായ് ഗ്രെഗ് പറയുന്നു. ഇതിനിടെ ചെറിയ പുക പോലുള്ള മൂടൽ മഞ്ഞും ഉണ്ടായിരുന്നു. മനുഷ്യന്റെ വലിപ്പമുള്ള അവ്യക്ത രൂപങ്ങളെയാണ് താൻ കണ്ടതെന്ന് ഗ്രെഗ് പറയുന്നു. യുദ്ധക്കളത്തിലെ പീരങ്കി പ്രതിമയ്ക്ക് ചുറ്റും ഈ രൂപങ്ങൾ ഓടുന്നതായാണ് തങ്ങൾക്ക് തോന്നിയതെന്നും ഗ്രെഗ് പറയുന്നു.

അമേരിക്കൻ ആഭ്യന്തര യുദ്ധകാലഘട്ടത്ത് 1863ലാണ് ഗെറ്റിസ്ബർഗിൽ വച്ച് അതി ഭീകരമായ യുദ്ധം അരങ്ങേറിയത്. 5,000 കുതിരകളുമായി മൂന്ന് ദിവസം നീണ്ട് നിന്ന യുദ്ധത്തിൽ 51,000 ത്തോളം സൈനികർ മരിച്ചുവീണെന്നാണ് കരുതപ്പെടുന്നത്. യുദ്ധ ഭൂമിയിൽ കൊല്ലപ്പെട്ട് വീണ സൈനികരുടെ പ്രേതത്തെ കണ്ടതായി പിന്നീട് പലരും അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ ശരിക്കും വീഡിയോ കണ്ടതോടെ ഗ്രെഗ് കണ്ടത് പ്രേതത്തെയൊന്നുമല്ലെന്നും ഒന്നുകിൽ അയാൾ തെറ്റിദ്ധരിച്ചതാകാമെന്നും അല്ലെങ്കിൽ മനഃപൂർവം ഏവരെയും പറ്റിക്കാൻ ശ്രമിച്ചതോ ആകാമെന്നാണ് എല്ലാവരും പറയുന്നത്. വീഡിയോ സൂഷ്മമായി നിരീക്ഷിച്ചാൽ ഗ്രെഗ് കണ്ടെന്ന് പറയുന്ന അദൃശ്യ രൂപങ്ങൾ അയാൾ സഞ്ചരിച്ച കാറിലെ തന്നെ പാടുകളാണെന്ന് വ്യക്തമാകുമെന്ന് എല്ലാവരും ചൂണ്ടിക്കാട്ടുന്നു. ഒപ്പം കാറിൽ നിന്നുള്ള ഹെഡ്‌ലൈറ്റിന്റെ പ്രതിഫലനം കൂടിയായപ്പോൾ ഉണ്ടായ തോന്നലാണ് ഇതെന്നും വീഡിയോ കണ്ടവർ പറയുന്നു.