സി.ഇ.ഒയുടെ വിശദീകരണം; യെസ് ബാങ്ക് നിക്ഷേപം: കിഫ്ബിക്ക് നഷ്ടമില്ലെന്ന്

Thursday 17 September 2020 12:34 AM IST

തിരുവനന്തപുരം: യെസ് ബാങ്കിലെ നിക്ഷേപം കൊണ്ട് കിഫ്ബിക്ക് ഒരു രൂപപോലും നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. കിഫ്ബിക്കെതിരെ എൻഫോഴ്സ്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും എൻക്വയറിയാണ് നടക്കുന്നതെന്നാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

യെസ് ബാങ്കിൽ കിഫ്ബി നിക്ഷേപം നടത്തിയത് മികച്ച ലിക്വിഡിറ്രി മാനേജ്മെന്റിന്റെ ഭാഗമായാണ്. പൊതുമേഖലാ ബാങ്കുകളിലും റേറ്രിംഗുള്ള സ്വകാര്യ ബാങ്കുകളിലും പണം നിക്ഷേപിക്കാമെന്ന് കിഫ്ബിയുടെ പോളിസി വ്യക്തമാക്കുന്നുണ്ട്. എവിടെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുന്നത് ഇൻവെസ്റ്ര്‌മെന്റ് മാനേജ്മെന്റ് കമ്മിറ്രിയാണ്. ഈ കമ്മിറ്രിയിൽ അംഗമല്ലെന്നും എബ്രഹാം പറഞ്ഞു.

റേറ്റിംഗ് ഉള്ളതുകൊണ്ടും മറ്ര് ബാങ്കുകളെക്കാൾ കൂടുതൽ പലിശ ലഭിക്കുന്നതുകൊണ്ടുമാണ് യെസ് ബാങ്കിൽ പണം നിക്ഷേപിച്ചത്. ഏറ്റവും ഒടുവിൽ പണം നിക്ഷേപിച്ചത് 2018 ആഗസ്റ്ര് 8നാണ്. 107 കോടി രൂപ 8.03 ശതമാനം പലിശയ്ക്കാണ് നിക്ഷേപിച്ചത്. എൽ.ഐ.സി മുൻ ചെയർമാനായിരുന്ന ടി.എസ്. വിജയൻ ആ സമയത്ത് കിഫ്ബി അഡ്വൈസറി ബോർഡിൽ ഉണ്ടായിരുന്നില്ലെന്നും യെസ് ബാങ്ക് ഡയറക്റായിരുന്നെന്നും എബ്രഹാം പറഞ്ഞു. യെസ് ബാങ്കിന്റെ റേറ്രിംഗ് കുറഞ്ഞതോടെ നിക്ഷേപം പിൻവലിക്കുകയും ചെയ്തു. ഏത് അന്വേഷണത്തെ നേരിടാനും തയ്യാറാണ്.