സുഭിക്ഷമാകാൻ കന്നുകാലി വളർത്തൽ

Wednesday 16 September 2020 11:54 PM IST

 പദ്ധതികളുമായി മൃഗസംരക്ഷണ വകുപ്പ്

കൊല്ലം: ജില്ലയിൽ കന്നുകാലി വളർത്തൽ വ്യാപകമാക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ നാല് പദ്ധതികൾ. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കന്നുകാലി വളർത്തൽ വ്യാപനത്തിനൊപ്പം 2018 ലെ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ കർഷകർക്കായി കാലിത്തൊഴുത്ത് നിർമ്മാണത്തിനുള്ള ധനസഹായം, കിടാരി, ആട്, കോഴി, താറാവ് എന്നിവ വളർത്തൽ, പുൽകൃഷി, തുടങ്ങിയ പദ്ധതികളും നടപ്പിൽ വരുത്തും.

 വീട്ടുമുറ്റത്ത് ആട് വളർത്തൽ

ദേശീയ കന്നുകാലി വികസന ദൗത്യത്തിന് കീഴിലുള്ള വീട്ടുമുറ്റത്തെ ആട് വളർത്തൽ പദ്ധതിയിലുൾപ്പെടുത്തി 90 ആടുവളർത്തൽ യൂണിറ്റുകൾ ആരംഭിക്കും. പത്ത് പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന ഒരു യൂണിറ്റിന് സബ്‌സിഡി ഇനത്തിൽ 59,400 രൂപ അനുവദിക്കും. പൂർണമായും ഗ്രാമീണ മേഖലയിൽ നടപ്പാക്കുന്ന പദ്ധതിക്കായി തഴവ, ശൂരനാട് തെക്ക്, കരവാളൂർ, ഏരൂർ, മയ്യനാട്, ചാത്തന്നൂർ, പേരയം, വെളിനെല്ലൂർ, പനയം ഗ്രാമപഞ്ചായത്തുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

 വാണിജ്യാടിസ്ഥാനത്തിൽ

കന്നുകാലി വിഭവ വികസനത്തിന്റെ ഭാഗമായി വാണീജ്യാടിസ്ഥാനത്തിലുള്ള ആടുവളർത്തൽ പദ്ധതിക്കായി 19 പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന ഒരു യൂണിറ്റിന് ഒരു ലക്ഷം രൂപ ധനസഹായം നൽകും. ഇത്തരത്തിൽ 30 യൂണിറ്റുകൾ ജില്ലയിൽ ആരംഭിക്കും.

 അഞ്ച് പെണ്ണാടും ഒരു മുട്ടനാടും

ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് പദ്ധതിയിൽ അഞ്ചു പെണ്ണാടും ഒരു മുട്ടനാടുമടങ്ങുന്ന ഒരു യൂണിറ്റ് സ്ഥാപിക്കാൻ 25,000 രൂപ ധനസഹായം നൽകും. ഇങ്ങനെ 80 യൂണിറ്റുകൾ അനുവദിക്കും.

 കന്നുകാലികൾക്കായി ഗോവർദ്ധിനി പദ്ധതി

കന്നുകുട്ടി പരിപാലന പദ്ധതിയിൽ ഉൾപ്പെട്ട ഗോവർദ്ധിനി പദ്ധതിക്കായി നാല് മുതൽ ആറുമാസം വരെ പ്രായമുള്ള പശു, എരുമ എന്നിവയെ തെരഞ്ഞെടുക്കും. 4 മാസം മുതൽ 30 മാസം പ്രായമാകുന്നതുവരെ 50 ശതമാനം സബ്‌സിഡി നിരക്കിൽ ക്ഷീരസംഘങ്ങൾ വഴി കാലിത്തീറ്റ ലഭ്യമാക്കും. ഒരു കന്നുകുട്ടിക്ക് ചെലവാകുന്ന 25,000 രൂപയുടെ 50 ശതമാനം ഗുണഭോക്തൃ വിഹിതമായി കർഷകരിൽനിന്ന് ഈടാക്കും. 3,000 കന്നുകുട്ടികളെയാണ് ആകെ അനുവദിക്കുക.

''

പദ്ധതികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതാത് പഞ്ചായത്തിലെ മൃഗാശുപത്രികൾ വഴി ലഭ്യമാകും.

ഡോ. ഡി. സുഷമ കുമാരി

ജില്ലാ മൃഗസംരക്ഷണ ഓഫീസർ