പോപ്പുലർ നിക്ഷേപത്തട്ടിപ്പ് : സി.ബി.ഐ അന്വേഷണത്തിൽ കേന്ദ്രം തീരുമാനമെടുക്കണം

Thursday 17 September 2020 12:47 AM IST

കൊച്ചി : പോപ്പുലർ നിക്ഷേപത്തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ കത്തിൽ കേന്ദ്രസർക്കാർ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

ഒാരോ കേസിലും പ്രത്യേകം എഫ്.ഐ. ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾബെഞ്ച്, പരാതികളിൽ ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ മതിയെന്ന ഡി.ജി.പിയുടെ ആഗസ്റ്റ് 28 ലെ സർക്കുലർ മരവിപ്പിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി അഡ്വ. കെ. രവീന്ദ്രൻപിള്ളയുൾപ്പെടെ നൽകിയ ഹർജികളിലാണ് ഇടക്കാല ഉത്തരവ്.

നിക്ഷേപത്തട്ടിപ്പു നടത്തിയ കമ്പനിയുടെയും ഉടമകളുടെയും സ്വത്ത് ഏറ്റെടുക്കാൻ സർക്കാർ വൈകാതെ ഉത്തരവിറക്കണം. ഇതിനുള്ള നടപടികൾ തുടരുന്നതിനിടെ സ്വത്ത് ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട ജില്ലാ കളക്ടർമാർ പോപ്പുലർ ഫിനാൻസിയേഴ്സിന്റെ ബ്രാഞ്ചുകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടി സ്വർണം, പണം, മറ്റു സ്വത്തുവകകൾ തുടങ്ങിയവ കണ്ടുകെട്ടണമെന്നും ഉത്തരവിൽ പറയുന്നു. ഹർജികൾ ഒക്ടോബർ എട്ടിന് വീണ്ടും പരിഗണിക്കും.

കേസിൽ പൊലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും മൂവായിരത്തിലേറെ പരാതികൾ വിവിധ സ്റ്റേഷനുകളിലായി നൽകിയിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. നിക്ഷേപകരുടെ നഷ്ടം കണക്കാക്കാൻ മരട് ഫ്ളാറ്റ് കേസിന്റെ മാതൃകയിൽ റിട്ട. ജഡ്ജിയെ നിയോഗിക്കണം, നഷ്ടപരിഹാരത്തുക സർക്കാർ നൽകിയ ശേഷം പോപ്പുലർ ഫിനാൻസിയേഴ്സ് ഉടമകളിൽ നിന്ന് ഇൗടാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.