ഉമ്മൻചാണ്ടി എന്ന സ്‌കൂൾ

Thursday 17 September 2020 12:58 AM IST

1964 ൽ ഞാൻ കോട്ടയം എം.റ്റി. സെമിനാരി സ്‌കൂളിൽ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ഉമ്മൻചാണ്ടിയെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം കെ.എസ്.യു.വിന്റെ പ്രമുഖ നേതാവാണ്. ഞാൻ സാധാരണ കെ.എസ്.യു പ്രവർത്തകനും. 1966 ആയപ്പോഴേക്കും ഉമ്മൻചാണ്ടി കെ.എസ്.യു പ്രസിഡന്റും ഞാൻ കോട്ടയം ജില്ലാ പ്രസിഡന്റുമായി. ആ കാലയളവിലെ ഇഴചേർന്ന പ്രവർത്തനമാണ് പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന ഞങ്ങളുടെ ആത്മാർത്ഥബന്ധത്തിന്റെ അടിത്തറ. ഉമ്മൻചാണ്ടിയുടെ പ്രധാന പ്രത്യേകത, സഹപ്രവർത്തകരോട് അദ്ദേഹം കാട്ടുന്ന സമഭാവനയാണ്. അന്നും ഇന്നും കൂടെയുള്ളവരോട് അദ്ദേഹത്തിന് വലിപ്പച്ചെറുപ്പമില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയായപ്പോഴും ഒരു സ്‌കൂൾ കുട്ടിക്ക് 'ഉമ്മൻ ചാണ്ടി' എന്നു വിളിക്കാനും, വിളികേട്ട് കുട്ടിയുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനും അദ്ദേഹത്തിന് സാദ്ധ്യമായത്.
1970 ലെ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം എനിക്കിപ്പോഴും ഓർമ്മയുണ്ട്. കോട്ടയത്താണ് പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടെണ്ണൽ. കോട്ടയത്തെ കെ. എസ്. യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഞങ്ങളെല്ലാം രാവിലെ മുതൽ ഉമ്മൻചാണ്ടിയോടൊപ്പമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ഞങ്ങളെല്ലാം പുതുപ്പള്ളിയിൽ അഹോരാത്രം പണിയെടുത്തവരാണ്. അന്നു വരെയുള്ള ഞങ്ങളുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ആവേശോജ്ജ്വലമായ ഏടായിരുന്നു ആ തിരഞ്ഞെടുപ്പ്. വൈകുന്നേരം ഫലം വന്നപ്പോൾ ഉമ്മൻചാണ്ടി 7288 വോട്ടുകൾക്ക് സി.പി.എം സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ ഇ.എം. ജോർജിനെ പരാജയപ്പെടുത്തി. ഞങ്ങളുടെ ആവേശത്തിനും ആഹ്ലാദത്തിനും അതിരില്ലായിരുന്നു. നേതാവും സുഹൃത്തുമായ ആൾ എം.എൽ.എ. ആയി എന്നല്ലായിരുന്നു, മറിച്ച് ഞങ്ങളെല്ലാവരും എം.എൽ.എ ആയി എന്ന വികാരമായിരുന്നു.
കേരളത്തിന് ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ സംഭാവന ജനങ്ങളും ജനപ്രതിനിധിയും തമ്മിലുള്ള ബന്ധത്തിന് പുതിയ നിർവചനം നൽകി എന്നതാണ്. ജനപ്രതിനിധികൾക്ക് ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകാൻ കഴിയുമെന്ന് ഉമ്മൻചാണ്ടി കാണിച്ചുതന്നു. ജനപ്രതിനിധി, വോട്ടർമാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും ആശ്രയിക്കാവുന്ന ശക്തിസ്രോതസാണ്. നിയമസഭാ പ്രവർത്തനം മാത്രമല്ല ഒരു നിയമസഭാ സാമാജികന്റെ കർത്തവ്യം. മണ്ഡലത്തിലെ മുക്കിലും മൂലയിലും അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തേണ്ടതും ജനകീയ പ്രശ്‌നങ്ങളിൽ അവരോടൊപ്പം നിൽക്കേണ്ടതും അദ്ദേഹത്തിന്റെ കടമയാണ്. പിന്നീട് നിയമസഭാംഗങ്ങളായപ്പോൾ ഞങ്ങൾക്കെല്ലാം മാതൃകയായത് ഉമ്മൻചാണ്ടിയുടെ ശൈലിയാണ്. മണ്ഡല പരിചരണത്തിനും ജനങ്ങളോടുള്ള ബന്ധം സജീവമായി നിലനിറുത്തുന്നതിനും എം.എൽ.എമാർക്കായി ഒരു 'ഉമ്മൻചാണ്ടി സ്‌കൂൾ' തന്നെ നിലവിൽ വന്നു.
ജനാധിപത്യം ഉമ്മൻചാണ്ടിക്ക് ജീവിതരീതിയാണ്. എല്ലാ വിമർശനങ്ങളെയും നേരിടാനും ഉൾക്കൊള്ളാനും അദ്ദേഹത്തിനു കഴിയുന്നത് അതുകൊണ്ടാണ്. അധികാരത്തിന്റെയോ പദവിയുടെയോ പേരിലല്ല ജനങ്ങൾ തന്നെ വിലയിരുത്തുന്നതെന്ന ഉത്തമബോദ്ധ്യം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടാണ് ഒരിക്കലും അധികാരത്തിൽ അഭിരമിക്കാതിരിക്കാൻ അദ്ദേഹത്തിന് കഴിയുന്നത്. എത്രയോ പ്രാവശ്യം മന്ത്രി പദവിയുൾപ്പെടെയുള്ള അധികാര സ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ അദ്ദേഹം തയ്യാറായിട്ടുണ്ട്.
പുതുപ്പള്ളിക്കാരുടെ നിത്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉമ്മൻചാണ്ടിയുടെ സാന്നിദ്ധ്യമുണ്ട്. നിയമസഭയിൽ മറ്റൊരു പ്രതിനിധിയെക്കുറിച്ച് അവർക്ക് സങ്കല്പിക്കാൻ പോലും കഴിയില്ല. പുതുപ്പള്ളിയെ സംബന്ധിച്ചിടത്തോളം ഇതിഹാസതുല്യനാണ് ഉമ്മൻചാണ്ടി.