ലാളിത്യം +നിശ്ചയദാർഢ്യം =മോദി

Thursday 17 September 2020 1:50 AM IST

സന്യാസ തുല്യമായ ജീവിതമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. ലാളിത്യവും നിശ്ചയദാർഢ്യവുമുള്ള നേതാവ്. പദവികൾ അദ്ദേഹത്തെ അലട്ടാറേയില്ല. യാദൃശ്ചികമായി ലഭിക്കുന്ന പദവികളിൽ നല്ലത് ചെയ്ത് കടന്നുപോവുക. നാളെ പ്രധാനമന്ത്രിയല്ലെങ്കിൽ ഒന്നുമല്ലാതെ തിരിച്ചുപോകാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ട്. പദവി നഷ്ടമാകുമെന്ന ഭയമില്ല. ബി.ജെ.പിയുടെ അടിത്തറ, അടിസ്ഥാന തത്വങ്ങൾ ഇത് പൂർണമായും പിന്തുടർന്ന നേതാവ്.

മോദിയുടെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയം സമ്പൂർണമായി പുനർവ്യാഖ്യാനം ചെയ്തു എന്നുള്ളതാണ്. രാഷ്ട്രീയ സമവാക്യങ്ങൾ തന്നെ മാറ്റിമറിച്ചു. മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ നടപ്പാക്കിയ പദ്ധതികളുടെ പശ്ചാത്തലത്തിൽ വികസനകേന്ദ്രീകൃതമായ പുതിയ രാഷ്ട്രീയ സിദ്ധാന്തം അദ്ദേഹം ആവിഷ്‌കരിച്ചു. അതാണ് ദേശീയതലത്തിൽ പ്രയോഗിച്ചതും വിജയിപ്പിച്ചതും. ബി.ജെ.പിയോടടുക്കാതിരുന്ന ജനവിഭാഗങ്ങളെപോലും ക്ഷേമപദ്ധതികളിലൂടെ അടുപ്പിച്ചു. ബദൽ വോട്ടുബാങ്ക് സൃഷ്ടിച്ചു. പാവങ്ങളുമായി നേരിട്ട് ആശയവിനിമയം മോദിക്ക് സാധിച്ചു.

മൊറാർജി സർക്കാരിന്റെ കാലത്ത് ഡൽഹിയിലെത്തിയപ്പോഴാണ് ഞാൻ മോദിയെ ആദ്യമായി കാണുന്നത്. 1979 ജനുവരിയിൽ. ഡൽഹിയിലെത്തി ആദ്യം ഞാൻ കണ്ട വ്യക്തികളിലൊരാളായിരുന്നു. അന്ന് അദ്ദേഹം ആർ.എസ്.എസ് പ്രചാരകനായിരുന്നു. സംഘത്തിന്റെ ഒരു പ്രോജക്ടിന്റെ ഭാഗമായെത്തിയതാണ്. സിദ്ധാന്തപരമായി വളരെ അടിത്തറയുള്ള നേതാവാണെന്ന് അന്ന് തന്നെ മനസിലായി. വളരെ അച്ചടക്കത്തോടെയുള്ള പ്രവർത്തനം. വിശ്രമില്ലാതെ പ്രവർത്തിക്കുന്ന വ്യക്തിത്വം. അക്കാലത്ത് അദ്ദേഹം രാഷ്ട്രീയത്തിൽ വന്നിട്ടില്ല. അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തിൽ പ്രവർത്തിച്ച ശേഷം മോദി അതേക്കുറിച്ച് ഒരു പുസ്തകമെഴുതി. ആ പുസ്തകത്തിന്റെ പശ്ചാത്തലത്തിലുള്ള ഗവേഷണ പ്രോജക്ടിനാണ് അദ്ദേഹം ഡൽഹിയിൽ വന്നത്. അന്ന് രണ്ടുമാസം ഞങ്ങൾ ഒന്നിച്ചുപ്രവർത്തിച്ചു.

പിന്നീട് അദ്ദേഹം ഗുജറാത്തിൽ പാർട്ടിയുടെ സംഘടനാ സെക്രട്ടറിയായി. അന്ന് ഗുജറാത്തിൽ കോൺഗ്രസിന്റെ ശക്തമായ പ്രതിപക്ഷമായിരുന്ന സംഘടനാ കോൺഗ്രസിന്റെ ഇടം പത്തുവർഷം കൊണ്ട് ബി.ജെ.പി പിടിച്ചെടുത്തു. ഗുജറാത്തിൽ ബി.ജെ.പി വളരുമെന്നും അനുകൂലമായ സാഹചര്യമുണ്ടെന്നും ഭരണകക്ഷിയാകുമെന്നും മോദിക്ക് നേരത്തെ തന്നെ ഒരുൾക്കാഴ്ചയുണ്ടായിരുന്നു. അതാണ് മോദിയുടെ പൊളിറ്റിക്കൽ ജീനിയസ് എന്നുപറയുന്നത്. പിന്നീട് കേശുഭായ് പട്ടേലിന്റെ സർക്കാരുണ്ടായി. അതിന്റെ നെടുംതൂണായി പ്രവർത്തിച്ചു. 2001ൽ മുഖ്യമന്ത്രിയായി. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള പൂർണമായും വ്യത്യസ്തമായ രാഷ്ട്രീയ തത്വചിന്ത അദ്ദേഹം വികസിപ്പിച്ചു. നാൽപ്പത് ശതമാനം ഗ്രാമങ്ങളിലും വൈദ്യുതിയില്ലാതിരുന്ന ഗുജറാത്തിൽ 24 മണിക്കൂറും വൈദ്യുതി എല്ലാവർക്കും എത്തിക്കുക എന്ന പദ്ധതി കൊണ്ടുവന്നു. അത് ജനകീയമായി. 60 ശതമാനം പെൺകുട്ടികളും സ്‌കൂളിൽപോകാത്ത സ്ഥിതി. മോദിയും മറ്റു മന്ത്രിമാരും വീടുകളിൽ നേരിട്ട് ചെന്ന് പെൺകുട്ടികളെ സ്‌കൂളിൽ ചേർക്കാൻ പ്രോത്സാഹനമേകി. 90 ശതമാനം പെൺകുട്ടികളും സ്‌കൂളിൽപോകുന്ന റെക്കാർഡ് സൃഷ്ടിച്ചു. ഏറ്റവും കൂടുതൽ കാർഷിക വളർച്ചയുള്ള സംസ്ഥാനമായി ഗുജറാത്തിനെമാറ്റി. ഡൽഹിയിലെത്തിയപ്പോഴും ഇതേ സമീപനമാണ് സ്വീകരിച്ചത്. സാമ്പത്തിക പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. സൗജന്യ ഗ്യാസ് കണക്ഷൻ. ജൻധൻ അക്കൗണ്ടുകൾ. അവർക്ക് അതിലേക്ക് നേരിട്ട് പണമെത്തിച്ചു. ഏറ്റവും പാവപ്പെട്ടവരായവരുടെ ആശ്രയമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇത്തരം പദ്ധതികളാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ അടിത്തറ.

അദ്ദേഹത്തിന്റെ ആശയവിനിമയം നേരിട്ട് ജനങ്ങളുമായാണ്. വിമർശനത്തെ അദ്ദേഹം കൂടുതലായി ശ്രദ്ധിക്കാറേയില്ല. ഒരിക്കലും മറുപടി പറയാറുമില്ല. പ്രതികരിച്ചുകഴിഞ്ഞാൽ പിന്നെ ആ വിഷയം ചർച്ചാവിഷയമാകുമെന്നും അതിനെ കുറിച്ച് പ്രതികിരിക്കാതിരിക്കുകയെന്നതാണ് കൂടുതൽ നല്ലതെന്നുമുള്ള സമീപനം. സാധാരണ രാഷ്ട്രീയക്കാർ കാണിക്കാത്ത തന്റേടം അദ്ദേഹത്തിനുണ്ട്. തന്നെ നിയന്ത്രിക്കാൻ മാദ്ധ്യമങ്ങളെ സമ്മതിക്കാറില്ല. മാദ്ധ്യമങ്ങൾ സൃഷ്ടിച്ച നേതാവല്ല മോദി.

തന്നോട് അടുപ്പമുണ്ടെന്ന് ആരെങ്കിലും പറഞ്ഞ് നടക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. എല്ലാ രാഷ്ട്രീയക്കാർക്കും വളരെ അടുത്ത ഒരു സംഘമുണ്ടാകും. മോദിക്ക് അങ്ങനെയൊരു സംഘമയേില്ല. വിട്ടുകാർ അടക്കം എല്ലാവരോടും ശരിയായ അകലം. സ്വന്തമായി സ്വത്ത് സമ്പാദിക്കാതിരിക്കുക എന്നതാണ് മറ്റൊരു സവിശേഷത. മുഖ്യമന്ത്രിയായ കാലത്തുണ്ടായ സ്വത്തിൽ നിന്ന് അധികം കൂടുതലൊന്നും ഇപ്പോഴുമില്ല. എം.എൽ.എ എന്ന നിലയിൽ രണ്ടുതവണ ലഭിച്ച ഭൂമി സർക്കാരിന് തിരിച്ചുകൊടുത്തു. പ്രധാനമന്ത്രിയായിട്ട് ഡൽഹിയിലേക്ക് വന്നപ്പോൾ അദ്ദേഹം തന്റെ അക്കൗണ്ടിലെ മുഴുവൻ തുകയും ഗുജറാത്തിലെ പെൺകുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. അക്കൗണ്ട് ക്ലോസ് ചെയ്തു. പൊതുജീവിതത്തിൽ സംശുദ്ധത നിർബന്ധമുള്ള വ്യക്തിത്വം. അതിനായ ബോധപൂർവം ശ്രമിക്കുകയും ചെയ്തു. എന്തെങ്കിലും ഷോംപ്പിംഗ് ചെയ്താൽ അതിന്റെ പണം സ്വന്തം കൈയിൽ നിന്ന് തന്നെ കൊടുക്കും. കേരളത്തിൽ വന്നപ്പോൾ ഗുരുവായൂരിൽ പൂജ നടത്തി. അതിന്റെ പണം അദ്ദേഹം ബാങ്ക് അക്കൗണ്ട് വഴി കൈമാറി.

ശുപാർശകളെ ഇഷ്ടപ്പെടാത്തയാൾ. യോഗ്യത മാത്രമാണ് മാനദണ്ഡം. സ്വജനപക്ഷപാതമോ, അഴിമതിയോ നടത്താൻ യാതൊരു സാദ്ധ്യതയുമില്ലാത്ത ഒരു സംവിധാനം അദ്ദേഹം സൃഷ്ടിച്ചു. മന്ത്രിസഭ നോക്കിയാലും ഇത് തന്നെ കാണാം. അദ്ദേഹത്തിന്റെ സ്വന്തക്കാർ, പ്രത്യേക താത്പര്യമുള്ളവർ എന്നനിലയിൽ ആരുമില്ല.

ചിട്ടയായുള്ള ജീവിതം. മുഖ്യമന്ത്രിയായിരിക്കുമ്പോഴോ പ്രധാനമന്ത്രിയായിരിക്കുമ്പോഴോ ഒരു ദിവസം അവധിയെടുത്തില്ല. ഹോളിഡേ ആഘോഷിക്കാൻ പോയിട്ടില്ല. വിദേശരാജ്യങ്ങളിൽ പോകുമ്പോൾ ഔദ്യോഗിക പരിപാടിക്ക് ശേഷമുള്ള ഒഴിവ് സമയത്തും പ്രധാന യോഗങ്ങൾ ചേരുകയെന്നതാണ് സമീപനം. ധൂർത്ത് ഇല്ലാത്ത പൊതുജീവിതം. പൊതുപണം ഉപയോഗിച്ച് ദീപാവലിക്കും മറ്റും നടത്തിയിരുന്ന ഗിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു. ഭയങ്കരമായ ഓർമ്മയാണ് മറ്റൊരു ശക്തി. ഒരു സുഹൃത്തിനെ ഒരുപാട് വർഷങ്ങൾക്ക് ശേഷം കണ്ടാലും, പ്രചാരകനായിരുന്നപ്പോഴുണ്ടായിരുന്ന അതേ സ്‌നേഹത്തോടെ അദ്ദേഹം പ്രധാനമന്ത്രിയായിരിക്കുമ്പോഴും പെരുമാറും.

പണത്തെ ആശ്രയിക്കാതെ, മീഡിയയെ ആശ്രയിക്കാതെ, വലിയ വ്യവസായികളെ ആശ്രയിക്കാതെ കടന്നുവന്ന നേതാവ്. രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നല്ല അദ്ദേഹം വന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിലോ വലിയ രാഷ്ട്രീയ നേതാക്കളില്ല. ബി.ജെ.പിയിലോ ആർ.എസ്.എസിലോ സ്വാധീനമുള്ള ബന്ധുക്കളില്ല. അങ്ങനെയൊരു സാഹചര്യത്തിൽ നിന്ന് വന്ന വ്യക്തിയെന്ന നിലയിൽ ഞാൻ ഒരിക്കൽ ചോദിച്ചു, വിജയരഹസ്യമെന്താണ്? ഒരു തീരുമാനമെടുക്കുമ്പോൾ ഇത് തനിക്ക് രാഷ്ട്രീയമായി നേട്ടമാകുമോ കോട്ടമാകുമോ എന്ന് ഞാൻ ആലോചിക്കാറില്ല. ചെയ്യുമ്പോൾ അത് ചെയ്യും. എത്ര വിമർശനം വന്നാലും പിന്നോട്ടുപോകില്ല. അതിന്റെപേരിൽ എന്റെ രാഷ്ട്രീയ ഭാവി ഇല്ലാതായാൽ അത് എന്നെ അലട്ടില്ല അദ്ദേഹം പറഞ്ഞു. വാസ്തവത്തിൽ അദ്ദേഹം എടുത്ത തീരുമാനങ്ങൾ അദ്ദേഹത്തിന് വലിയ രാഷ്ട്രീയ നേട്ടമായിമാറി.

അതെ, ആ ധൈര്യം ,സാഹസികത. അതാണ് വിജയരഹസ്യം. ആ ധൈര്യമാണ് അദ്ദേഹത്തെ പലപ്പോഴും മുന്നോട്ടുനയിച്ചത്.

മോദിയുടെ കാലത്താണ് ഒരിക്കലും നടക്കില്ലെന്ന് ധരിച്ച ബി.ജെ.പിയുടെ അജൻഡകളിൽ പലതും നടപ്പാക്കാനായത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതും രാമക്ഷേത്രവും മുത്തലാഖ് ബില്ലും മറ്റും. അത് വലിയ രാഷ്ട്രീയ വിജയമാണ്. അത് അദ്ദേഹത്തിന്റെ ഇച്ഛാശക്തിയാണ്.

ബി.ജെ.പി പരിശീലന വിഭാഗം,

പ്രസിദ്ധീകരണ വിഭാഗം എന്നിവയുടെ ദേശീയ സഹ കൺവീനറാണ് ലേഖകൻ