ജലീലിന് വർഷങ്ങളായി സ്വപ്‌നയുമായി ബന്ധമുണ്ട്; മന്ത്രിയുടെ പദവിയും അധികാരവും സ്വർണക്കടത്ത് സംഘം ദുരുപയോഗപ്പെടുത്തിയെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കെ.ടി ജലീലിന്റെ കാര്യത്തിൽ ഇനിയും മുടന്തൻ കാര്യങ്ങൾ പറഞ്ഞ് തടിതപ്പാൻ പിണറായി വിജയനാകില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നാടിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് അധികാരത്തിൽ ഇരിക്കുന്ന മന്ത്രിയെ രാജ്യദ്രാഹ കുറ്റത്തിന്റെ പേരിൽ ചോദ്യം ചെയ്യുന്നത്. ഈന്തപ്പഴത്തിന്റേയും ഖുറാന്റെയും മറവിൽ ജലീൽ സ്വർണം കടത്തിയെന്ന ആരോപണത്തിന് വസ്‌തുതയുണ്ടെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് ജലീലിനെ ദേശീയ അന്വേഷൺ ഏജൻസി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
കേസ് അന്വേഷണത്തിൽ ഇടപെടാൻ കഴിവുളള ഒരാൾ മന്ത്രിസ്ഥാനത്ത് തുടരുന്നത് കേസന്വേഷണത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കും. നിസാരമായ ആരോപണങ്ങളല്ല ജലീൽ നേരിടുന്നത്. വർഷങ്ങളായി ജലീലിന് സ്വപ്‌നയുമായി ബന്ധമുണ്ട്. ജലീലിന്റെ പദവിയും അധികാരവും സ്വർണക്കടത്ത് സംഘം ദുരുപയോഗപ്പെടുത്തി. ജലീൽ പറഞ്ഞതെല്ലാം പൊളളയാണെന്ന് ഓരോ ദിവസവും തെളിയുകയാണ്.
സി.പി.എമ്മും സർക്കാരും ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. കേസെടുത്താലും മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന സി.പി.എം നേതാവിന്റെ പ്രസ്‌താവന കേരളത്തിലെ ജനങ്ങൾ അത്ഭുതത്തോടെയാണ് കണ്ടത്. ജലീൽ രാജിവച്ചാൽ ഓരോ മന്ത്രിമാർക്കും രാജിവയ്‌ക്കേണ്ടി വരുമെന്ന ഭയമാണ് സി.പി.എമ്മിന്. ഈ സർക്കാർ ഒരു നിമിഷം പോലും അധികാരത്തിൽ തുടരുന്നത് നിഷ്‌പക്ഷ അന്വേഷണത്തെ ബാധിക്കും. സംസ്ഥാന സർക്കാർ തന്നെ രാജിവച്ച് മാറി നിൽക്കണമെന്നാണ് ബി.ജെ.പി ആവശ്യമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.