പത്രാധിപർ അനുസ്മരണവും അവാർഡ് ദാനവും ഇന്ന്

Friday 18 September 2020 12:29 AM IST

തിരുവനന്തപുരം : കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 39 - ാമത് ചരമ വാർഷിക ദിനാചരണം ഇന്ന് കേരളകൗമുദി ഹെഡോഫീസിൽ നടക്കും. കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രാവിലെ 9.30ന് പത്രാധിപരുടെ അന്ത്യവിശ്രമ സ്ഥലത്ത് പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടക്കും.

കേരളകൗമുദിയുടെ എല്ലാ യൂണിറ്റുകളിലെയും മികച്ച പ്രാദേശിക ലേഖകന് ഇക്കൊല്ലം മുതൽ മാനേജ്‌മെന്റ് പത്രാധിപർ സ്‌മാരക അവാർഡ് നൽകും. തിരുവനന്തപുരം യൂണിറ്റിൽ നിന്ന് അർഹനായ നെടുമങ്ങാട് ലേഖകൻ എസ്.ടി. ബിജുവിന് ചീഫ് എഡിറ്റർ ദീപുരവി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിക്ക് പത്രാധിപർ സ്മാരക അവാർഡ്, മാനേജ്‌മെന്റിന്റെ ധനസഹായം, ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ പ്ലസ്‌ ടുവിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിക്ക് നൽകുന്ന അവാർഡ് എന്നിവ ചീഫ് എഡിറ്റർ ദീപുരവിയും ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവിയും സമ്മാനിക്കും.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലഘുവായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.സാബു അറിയിച്ചു.