ഇന്ന് ലോകമുളദിനം; ഒന്നരയേക്കറിൽ തലയുയർത്തി നിൽക്കുന്നു ബാലൻ മാഷിന്റെ മുളങ്കാട്

Friday 18 September 2020 1:49 AM IST

ഒറ്റപ്പാലം: തൃക്കങ്ങോട് ഗ്രാമത്തിന്റെ ശ്വാസകോശമാണ് ബാലകൃഷ്ണൻ മാഷിന്റെ ഒന്നരയേക്കറിൽ ആകാശംമുട്ടെ വളർന്നു നിൽക്കുന്ന മുളംകൂട്ടങ്ങൾ. ഏഴുവർഷം മുമ്പ് ഈ റിട്ട. അദ്ധ്യാപകൻ നട്ട 1300 തൈകളാണ് ഇന്നൊരു മുളങ്കാടായി ഹരിതകാന്തിയുടെ തണലും സൗന്ദര്യവുമായി നിൽക്കുന്നത്. ഇവയെ ഹരിത സ്വർണം എന്നാണ് ബാലൻമാഷ് ഓമനിച്ച് വിളിക്കുന്നത്.

തോട്ടങ്ങൾ റബ്ബർ കൃഷിക്ക് വഴിമാറുന്ന കാലത്താണ് ബാലകൃഷ്ണൻ മണ്ണിനെ മുളകൃഷിക്കായി പരുവപ്പെടുത്തിയത്. പീച്ചി വനഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് തരിശായി കിടന്നിരുന്ന ഒന്നര ഏക്കർ ഭൂമിയിൽ മുള തൈകൾ നട്ടത്. കൃഷി എന്ന നിലയിൽ ശാസ്ത്രീയമായ നടീലും പരിചരണവും നടത്തി. ഇന്നിപ്പോൾ വളർന്ന് തലയാട്ടി സംഗീതമൊരുക്കുകയും സമൃദ്ധമായ തണലും നൽകുന്നു.

ബാംബൂസ് വൾഗാരിസ്, ബാംബൂസ് ബാൽക്കുവ, ഡെൻഡ്രോ കലാമസ്, ബാൻഡിസെ, ജൈജാന്റിസ് എന്നിങ്ങനെ മുള്ളില്ലാത്ത ഇനം മുള തൈകളാണ് നട്ടു വളർത്തിയത്. നാടൻ ഇനത്തിൽപ്പെട്ട ബാംബൂസ് ബാംബോസും ഇതിൽ കാണാം. മണ്ണൊലിപ്പ് തടയുന്നത് മുതൽ ജലസംരക്ഷണം വരെ മുളങ്കാടുകൾ ഉറപ്പാക്കുന്നു. കൃഷി എന്ന നിലയിൽ വർഷങ്ങൾ ഇടവിട്ട് മുളകൾ വെട്ടി വിൽക്കാം. പൂർവ്വാധികം ശക്തിയോടെ മുളകൾ വീണ്ടും തലപൊക്കി വരും.

മുള ഉല്പന്നങ്ങൾക്ക് പുതിയ കാലത്ത് ഡിമാന്റ് കൂടിയിട്ടുണ്ട്. ഓഫീസ് മുതൽ വീട് നിർമ്മാണത്തിൽ വരെ വലിയ രീതിയിൽ ഉപയോഗിക്കുന്നു. പരമ്പരാഗത ഉപയോഗങ്ങൾക്ക് പുറമെ പുതുസാധ്യതകളും മുള ഉല്പന്നങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്ന് ബാലകൃഷ്ണൻ പറയുന്നു. ബാലകൃഷ്ണന്റെ മുള കൃഷിയെ ആസ്പദമാക്കി ഹ്രസ്വ സിനിമയും ഒരുങ്ങുന്നുണ്ട്. കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ തന്നെ ഇതിന് പിന്തുണ നൽകി ആശംസ അറിയിച്ചിട്ടുണ്ട്.