ഇക്കുറി ട്രാവൽ മാർട്ട് വിർച്വൽ: കടകംപള്ളി
തിരുവനന്തപുരം: ആഗോള ടൂറിസം സംഗമമായ കേരള ട്രാവൽ മാർട്ട് (കെ.ടി.എം) ഈ വർഷം വിർച്വൽ ആയി നവംബറിൽ നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നവംബർ 23 മുതൽ 27 വരെയാണ് സംഗമം. 500ലധികം സെല്ലേഴ്സും വിദേശത്തുനിന്ന് ഉൾപ്പെടെ 2,500 ബയേഴ്‌സിനെയും പ്രതീക്ഷിക്കുന്നു.
അടുത്തവർഷം ആദ്യത്തോടെ ടൂറിസം സജീവമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി
പത്രസമ്മേളനത്തിൽ
പറഞ്ഞു.
രണ്ട് വർഷത്തിലൊരിക്കലാണ് കേരള ട്രാവൽ മാർട്ട് നടക്കുന്നത്. പ്രളയാനന്തരം ടൂറിസത്തിലുണ്ടായ വലിയ ആശങ്ക ദൂരീകരിക്കാൻ 35,000 ബി2ബി കൂടിക്കാഴ്‌ചകൾ നടന്ന 2018ലെ കെ.ടി.എമ്മിന് കഴിഞ്ഞു. കൊവിഡിനെതിരായ കേരളത്തിന്റെ പ്രവർത്തനം ആഗോള പ്രശസ്‌തി നേടി. കെ.ടി.എമ്മിനും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ടൂറിസം മേഖലയ്ക്ക് 455 കോടി രൂപയുടെ സഹായപദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംരംഭകർക്ക് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി 25 ലക്ഷം രൂപ വരെ വായ്പ നൽകും. ഇതിന്റെ വാർഷികപലിശയുടെ പകുതി സർക്കാർ സബ്‌സിഡിയാണ്. ടൂറിസം മേഖലയിലെ ജീവനക്കാർക്ക് 20,000 മുതൽ 30,000 രൂപവരെ കേരള ബാങ്കിൽ നിന്ന് വായ്പ അനുവദിക്കും. 328 അംഗീകൃത ടൂറിസ്റ്റ് ഗൈഡുകൾക്ക് ഒറ്റത്തവണ സഹായമായി 10,000 രൂപ നൽകും.
ഹൗസ്ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്ക് 1.25 ലക്ഷം രൂപ വരെ സഹായം നൽകും. ഹോംസ്റ്റേകൾക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ വാണിജ്യ നികുതി വീട്ടുകരമായി നിലനിറുത്തുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്‌ടർ പി. ബാലകിരൺ, കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.