ചികിത്സാ ഉപകരണം:ശ്രീചിത്രയും പഞ്ചാബ് കമ്പനിയുമായി കരാ‌ർ

Friday 18 September 2020 12:00 AM IST

തിരുവനന്തപുരം: പ്രമേഹരോഗികളുടെ കാൽമുട്ട് തേ‌യ്‌മാനം, പാദങ്ങളിലെ മുറിവുകൾ എന്നിവ ചികിത്സിക്കാൻ സഹായകമാകുന്ന ഉപകരണങ്ങൾ വികസിപ്പിക്കാൻ ശ്രീ ചിത്ര മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയും പഞ്ചാബിലെ ടൈനോർ ഓർത്തോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡും ധാരണാപത്രം ഒപ്പുവച്ചു. ഒരു വർഷം കൊണ്ട് ഉപകരണങ്ങൾ പുറത്തിറക്കും. ഇതിന് ടൈനോർ 27 ലക്ഷം രൂപ നൽകും.

ഇത് രാജ്യത്തെ ഓർത്തോട്ടിക് സാങ്കേതികവിദ്യാ രംഗത്ത് വിപ്ളവകരമായ മാറ്റം ഉണ്ടാകുമെന്ന് ശ്രീചിത്ര ഡയറക്ടർ ഡോ. ആശാ കിഷോർ പറഞ്ഞു.

ബയോടെക്നോളജി വിഭാഗത്തിലെ സുഭാഷ് എൻ.എൻ, മുരളീധരൻ.സി.വി, ഡോ. ഹരികൃഷ്ണ വർമ്മ, നിത.ജെ, സുബിൻ സുകേശൻ എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം നടക്കുന്നത്.

അസ്ഥിരോഗ ചികിത്സയ്‌ക്കും പൊട്ടലുകൾ ഭേദപ്പെടുത്തുന്നതിനും ആവശ്യമായ ഗുണമേന്മയുള്ളതും ചെലവ് കുറഞ്ഞതുമായ ഉപകരണങ്ങൾ നിർമ്മിച്ച് കയറ്റുമതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണ് പഞ്ചാബിലെ മൊഹാലിയിലെ ടൈനോർ കമ്പനി. കൃത്രിമ പുനരധിവാസ ഉപകരണങ്ങളുടെ ഗവേഷണത്തിലും വികസനത്തിലും ടൈനോർ ശ്രീചിത്രയുമായി സഹകരിക്കും.