വിഴിഞ്ഞം തുറമുഖം 2021-22ൽ : കേന്ദ്രം
ന്യൂഡൽഹി: പുലിമുട്ട് നിർമ്മാണത്തിലെ കാലതാമസം കാരണം വൈകിയ വിഴിഞ്ഞം തുറമുഖം 2021-2022ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര തുറമുഖ മന്ത്രി മൻസൂഖ് മാണ്ഡവ്യ ലോക്‌സഭയിൽ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു. 2019ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് അദാനി വിഴിഞ്ഞം തുറമുഖ കമ്പനി 2015ൽ നിർമ്മാണം ആരംഭിച്ചത്.
കേരള സർക്കാർ അറിയിച്ചതു പ്രകാരം 800 മീറ്റർ ദൈർഘ്യമുള്ള ബെർത്തിന്റെ നിർമ്മാണവും ഡ്രഡ്‌ജിംഗ്, റീക്ളമേഷൻ, പ്രവൃത്തികളും കണ്ടെയ്‌നർ യാർഡ്, കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. പുലിമുട്ട് നിർമ്മാണം പൂർത്തിയാകുന്നതിനൊപ്പം ഇവയും തയ്യാറാകുമെന്നും മന്ത്രി അറിയിച്ചു.
നിർമ്മാണം നിരീക്ഷിക്കാൻ സ്വതന്ത്ര എൻജിനീയറും സംസ്ഥാന സർക്കാരിന്റെ സമിതിയുമുണ്ട്. മുഖ്യമന്ത്രി നേരിട്ടും ചീഫ് സെക്രട്ടറിയുടെ സമിതിയും തടസങ്ങൾ ഒഴിവാക്കി പദ്ധതി വേഗത്തിലാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.