'സ്വപ്ന ഓഫീസിൽ വന്നോയെന്ന് കടകംപള്ളി വ്യക്തമാക്കണം'

Friday 18 September 2020 12:30 AM IST

ആലപ്പുഴ: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ബംഗളൂരുവിലേക്ക് കടക്കുന്നതിന് മുമ്പ് സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസ് സന്ദർശിച്ചോയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകും. . സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി കെ.ടി. ജലീലിന് അധികാരത്തിൽ തുടരാനുള്ള അർഹതയില്ല. അധികം വൈകാതെ അന്വേഷണം മുഖ്യമന്ത്രിയിലേക്കും എത്തിച്ചേരും. സി.പി.എമ്മിലെ വിഭാഗീയതയെ തുടർന്നാണ് പാർട്ടി നേതാക്കളുടെ മക്കൾ നടത്തുന്ന മാഫിയ പ്രവർത്തനങ്ങളുടെ വസ്തുതകൾ പുറത്തെത്തിയത്. കേന്ദ്ര ഏജൻസിയുടെ അന്വേഷണ പരിധിയിലുള്ള യെസ്ബാങ്ക് ഡയറക്ടർ ടി.എസ്.വിജയനെ കിഫ്ബിയുടെ തലപ്പത്ത് നിയോഗിച്ചതിൽ ദുരൂഹതയുണ്ട്. കിഫ്ബിയുടെ പണം സ്വകാര്യബാങ്കായ യെസ് ബാങ്കിൽ നിക്ഷേപിച്ചത് കമ്മിഷൻ പറ്റാനാണെന്ന് ആരോപണമുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു..