മുദ്രപ്പത്രം ക്ഷാമത്തി​ന് കാരണം ഓൺ​ലൈൻ ഭീഷണി​

Friday 18 September 2020 4:38 AM IST

ആലുവ: സംസ്ഥാനത്ത് മുദ്രപ്പത്ര ക്ഷാമത്തെ തുടർന്ന് ജനം വലയുന്നു. 20, 50, 100, 500, 1000 രൂപ പത്രങ്ങളിൽ 50, 100, 500 രൂപയടേതിനാണ് ആദ്യം ക്ഷാമം നേരിട്ടത്. 50ന്റെയും നൂറിന്റെയുമെല്ലാം മുദ്രപ്പത്രം വേണ്ടവർ സമാനമായ തുകക്ക് 20ന്റെയും 500ന് പകരം ആയിരത്തിന്റെയും വാങ്ങിതോടെ ഇവയ്ക്കും ക്ഷാമമായി. ജില്ലയിൽ അപൂർവം വെണ്ടർമാരിൽ മാത്രമാണ് മുദ്രപ്പത്രങ്ങളുള്ളത്.

പുത്തൻകുരിശ് രജിസ്ട്രാർ ഓഫീസിന്റെ പരിസരത്ത് ഇത് സുലഭമായതി​നാൽ ദൂരെ സ്ഥലങ്ങളിൽ നിന്നും വരെ ഇവിടെ ആളെത്തുന്നുണ്ട്.

ഓൺ​ലൈനി​ൽ വരും മുദ്രപ്പത്രം

കൊവിഡിനെ തുടർന്ന് നാസിക്കിൽ മുദ്രപത്രത്തിന്റെ അച്ചടി മുടങ്ങിയതാണ് ക്ഷാമത്തിന് കാരണമെന്നാണ് ധരിച്ചിരുന്നത്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ശേഷവും ക്ഷാമം തുടർന്നപ്പോഴാണ് ഓൺലൈൻ വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ക്ഷാമം നേരിടുന്നതെന്ന വിവരം പുറത്തുവന്നത്.

12 ലക്ഷം രൂപയിൽ അധികം തുകയുടെ ആധാരം തയ്യാറാക്കുമ്പോൾ മുദ്രപ്പത്രവി​ല ഓൺലൈൻ മുഖേന ട്രഷറിയിൽ പണം അടച്ചാൽ മതി​യാകും. ചെറിയ തുകയുടെ മുദ്രപത്രവും ഓൺലൈൻ മുഖേന ലഭ്യമാക്കാവുന്ന സംവിധാനവും സർക്കാർ പരിഗണനയിലുണ്ട്. നേരത്തെ നടപ്പാകേണ്ടതായിരുന്നെങ്കിലും സംസ്ഥാനത്തെ 500 ഓളം വരുന്ന വെണ്ടർമാരുടെ സംഘടനയുടെ പ്രതിഷേധത്തെ തുടർന്നാണ് നീണ്ടത്. ഓൺലൈൻ മുഖേന മുദ്രപത്രം വിതരണം ചെയ്യുന്നതിനുള്ള അനുമതി വെണ്ടർമാർക്ക് തന്നെ നൽകണമെന്നാണ് ആവശ്യം. ഇത് സർക്കാരിന്റെ പരിഗണനയിലാണ്.

വീട്, കടമുറികൾ എന്നിവ വാടകക്ക് നൽകുന്നതിനും വാഹനങ്ങൾ കച്ചവടം നടത്തുന്നതിനുമെല്ലാം ചെറിയ തുകയുടെ മുദ്രപത്രമാണ് വേണ്ടത്. ഇത്തരം ഇടപാടുകൾ നടത്തുന്നവരാണ് ഏറെ പ്രതിസന്ധിയിലായിട്ടുള്ളത്.