തെറ്റുപറ്റിയാൽ മാദ്ധ്യമങ്ങൾ തിരുത്തണം: മുഖ്യമന്ത്രി

Friday 18 September 2020 12:48 AM IST

തിരുവനന്തപുരം: വ്യാജവാർത്തകൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് സംവിധാനം ഒരുക്കുന്നത് മാദ്ധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാനോ തടയാനോ ദുർബലപ്പെടുത്താനോ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വ്യാജ വാർത്തകളുടെ വ്യാപനം ജനാധിപത്യത്തെ അപകടപെടുത്തുന്നതാണ്.

തെറ്റായ വാർത്തകൾ കൊടുക്കുന്ന പ്രവണത പണ്ടുമുണ്ട്. ചാരക്കേസിന്റെ നാൾവഴി നോക്കിയാൽ അറിയാം. അതുണ്ടാക്കിയ പ്രശ്നങ്ങൾക്ക് പകരം ആവില്ലെങ്കിലും കോടതി പറഞ്ഞ പ്രകാരം, ജനങ്ങളുടെ പണം ഉപയോഗിച്ചാണ് സർക്കാർ അതിന് പരിഹാരം കണ്ടത്.

മാദ്ധ്യമ സ്വാതന്ത്ര്യത്തെ ആരും ഇവിടെ ഹനിക്കാൻ പോകുന്നില്ല. തെറ്റുപറ്റിയാൽ തിരുത്തണം. അതിൽ വിമുഖത പാടില്ല. ചില മാദ്ധ്യമങ്ങൾ തെറ്റ് പറ്റിയാൽ തിരുത്താനോ, തെറ്റായ വാർത്ത കൊടുത്ത അതേ പ്രാധാന്യത്തോടെ ശരിയായ വാർത്ത കൊടുക്കുവാനോ തയ്യാറാവുന്നില്ല. മാദ്ധ്യമ നൈതികയും ധാർമിക നിലപാടും ഉയർത്തിപ്പിടിക്കുന്ന എല്ലാ മാദ്ധ്യമങ്ങളും വ്യാജ വാർത്തകൾക്കെതിരായ നടപടികളിൽ പൂർണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.