പച്ചക്കറി കൃഷി ഇല്ലാത്തവർ കുറവ്: മുഖ്യമന്ത്രി
തിരുവനന്തപുരം: വിദ്യാസമ്പന്നരായ യുവതലമുറ കൃഷിയിലേക്ക് വരാൻ തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ പച്ചക്കറി കൃഷി ചെയ്യാത്ത കുടുംബങ്ങൾ കുറവാണ്. കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിച്ചതിന്റെ തെളിവാണിത്.
2016-17ൽ 52,830 ഹെക്ടറിലായിരുന്ന പച്ചക്കറി കൃഷി 96,000 ഹെക്ടറായി വർദ്ധിപ്പിച്ചു. സവാള, ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള ശീതകാല പച്ചക്കറികളുടെ ഹബ്ബായി വട്ടവട, കാന്തല്ലൂർ മേഖലകളെ മാറ്റുകയാണ്. മഴമറ ഉണ്ടെങ്കിൽ 365 ദിവസവും പച്ചക്കറി കൃഷി ചെയ്യാം. ഈ വർഷം 1118 മഴമറ യൂണിറ്റുകൾ സ്ഥാപിച്ചു. 100 ചതുരശ്ര മീറ്ററുള്ള മഴമറയ്ക്ക് അര ലക്ഷം രൂപ സബ്സിഡിയുണ്ട്. അടുത്ത വർഷം 1000 യൂണിറ്റുകൾ സ്ഥാപിക്കും.
16 ഇനം പച്ചക്കറികൾക്ക് തറവില നവംബറിൽ നടപ്പാകും. .
നെൽകൃഷി നാല് വർഷത്തിനുള്ളിൽ 1.92 ലക്ഷം ഹെക്ടറിൽ നിന്ന് 2.2 ലക്ഷം ഹെക്ടറായി വർദ്ധിച്ചു. 50,000 ഏക്കർ തരിശുനിലമാണ് നെൽകൃഷിക്കായി മാറ്റിയെടുത്തത്.
തൃശൂർ, പൊന്നാനി കോൾപ്പാടങ്ങൾ നെല്ലുത്പാദനത്തിന്റെ പ്രധാന മേഖലയാക്കും. അതിന് 298 കോടിയുടെ വികസനം നടപ്പാക്കും. നാടൻ മാവിനങ്ങൾ പ്രചരിപ്പിക്കുന്നതിന് 'നാടൻ മാന്തോപ്പുകൾ' എന്ന പദ്ധതി 100 പഞ്ചായത്തുകളിൽ ഈ വർഷം നടപ്പാക്കും.