സരസൻ കത്തിയ 82

Friday 18 September 2020 12:56 AM IST

കൊല്ലം: ബേബിജോൺ പാട്ടുംപാടി ജയിക്കുന്നതാണ് ചവറയുടെ തിരഞ്ഞെടുപ്പ് ചരിത്രം. പക്ഷെ കേരള കിസിഞ്ചർ വല്ലാതെ വിയർത്ത ഒരു തിരഞ്ഞെടുപ്പ് കാലമുണ്ടായിരുന്നു. തൊട്ടുമുൻപ് നാൽപതിനായിരത്തിൽ പരം വോട്ടിന് വിജയിച്ച ബേബിജോണിന്റെ ഭൂരിപക്ഷം വെറും 621 ആയി താഴ്ന്ന 1982. എല്ലാ നിയമസഭാ തിരഞ്ഞെടുപ്പെത്തുമ്പോഴും ചവറയിലെ പഴയ തലമുറക്കാർ സരസൻ സംഭവം ഓർക്കും. അന്ന് പ്രചരിച്ച ത്രില്ലർ കഥകളും.

സരസൻ എന്ന യുവാവ് ഒരു സംഭവമായി മാറിയ കാലം. ചവറയിൽ മാത്രമല്ല കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സംഭവം. ബേബിജോണിന്റെ കടുത്ത ആരാധനകനായിരുന്നു സരസൻ. ഐ.ആർ.ഇയിലെ ജീവനക്കാരനും. സജീവ പ്രവർത്തകനായ സരസൻ ഐ.ആർ.ഇയിലെ യു.ടി.യു.സിയുടെ യൂണിറ്റ് കൺവീനറായി. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ആർ.എസ്.പി നേതാക്കളുമായി സരസൻ ഇടഞ്ഞു. പിന്നീട് ഐ.എൻ.ടി.യു.സിലേക്ക് മാറി. അങ്ങനെയിരിക്കെത്തിയ 1981 ജനുവരി 5. ചവറയിൽ കാട്ടു തീ പോലെ ഒരു കഥ പരന്നു. സരസനെ കാണാനില്ല. ബേബി ജോണിന്റെ ഗുണ്ടകൾ വഴിയിൽ നിന്നും സരസനെ വരിഞ്ഞുകെട്ടി കൊണ്ടുപോയി. പിന്നെ സീ ഫുഡ് ഫാക്ടറിയിൽ കൊണ്ടു പോയി മർദ്ദിച്ച് കൊലപ്പെടുത്തി. എന്നിട്ട് മൃതദേഹം ബോട്ടിൽ കൊണ്ടുപോയി ഉൾക്കടലിൽ തള്ളി.

സരസന്റെ ഘാതകരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എല്ലാ പാർട്ടികളും സംയുക്തമായി സമരം തുടങ്ങി. അന്ന് റവന്യൂ മന്ത്രിയായിരുന്ന ബേബിജോണിനെതിരെ സമരം ശക്തിപ്രാപിച്ചു. ആർ.എസ്.പി നേതാക്കളുടെ വീട് തീവെച്ചു. കാർ കത്തിച്ചു. ഒടുവിൽ പൊലീസിന് ആകാശത്തേക്ക് വെടിവയ്ക്കേണ്ട സാഹചര്യം വരെയുണ്ടായി.

അങ്ങനെയിരിക്കെയാണ് 82ലെ തിരഞ്ഞെടുപ്പ് വരുന്നത്. സർക്കാരിനെതിരെ ചവറയിൽ എതിർപാർട്ടിക്കാർ ഒന്നും മിണ്ടിയില്ല. സരസൻ എവിടെ എന്നായിരുന്നു പ്രധാന ചോദ്യം. സംഗതി വശക്കേടാണെന്ന് ബേബി ജോണിനും മനസിലായി. അദ്ദേഹം വോട്ട് ചോദിച്ച് വീടുവീടാന്തരം കയറി. താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു പറ‌ഞ്ഞു. പക്ഷെ അദ്ദേഹത്തെ മനസിൽ പ്രതിഷ്ഠിച്ചിരുന്ന പലരും കൈയൊഴിഞ്ഞു. എന്നിട്ടും അദ്ദേഹം ജയിച്ചു. നാല് വർഷം കഴിഞ്ഞപ്പോൾ സരസൻ മടങ്ങിയെത്തി. അഗ്നിശുദ്ധിയോടെ വീണ്ടും മത്സരിച്ച 87ലെ തിര‌ഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷവും നേടി.