പുത്തൻ ആശയങ്ങൾ പൂവിടും!

Friday 18 September 2020 1:01 AM IST

 സംരംഭകർക്ക് സഹായവുമായി ജില്ലാ ഇന്നവേഷൻ കൗൺസിൽ

കൊല്ലം: പുത്തൻ ആശയങ്ങളുണ്ടെങ്കിൽ സംരംഭകർക്ക് സാമ്പത്തിക - സങ്കേതിക - നിർവഹണ സഹായവും പരിശീലനവും നൽകാൻ ജില്ലാ ഇന്നവേഷൻ കൗൺസിൽ തയ്യാറെടുക്കുന്നു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, സാമൂഹ്യനീതി, മൃഗസംരക്ഷണം, ഖനനം, ഫിഷറീസ്, ടൂറിസം, ഊർജ്ജം എന്നീ മേഖലകളിലെ നൂതന ആശയങ്ങൾക്കാണ് സഹായം.

സംസ്ഥാന ഇന്നവേഷൻ ആൻഡ് ഡെവലപ്പ്‌മെന്റ് സ്ട്രാറ്റജിക് കൗൺസിലാണ് ജില്ലാതലത്തിൽ ജില്ലാ ഇന്നവേഷൻ കൗൺസിലിന് രൂപം നൽകിയിട്ടുള്ളത്. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കൗൺസിൽ ചെയർമാൻ ഡോ. കെ.എം. എബ്രഹാം അദ്ധ്യക്ഷനായ വീഡിയോ കോൺഫറൻസ് അവലോകന യോഗം ഇത് സംബന്ധിച്ച ചർച്ച നടത്തി. ആധുനിക കാലത്തിന് യോജിച്ച തരത്തിൽ നൂതന ആശയങ്ങൾ കണ്ടെത്തി ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകാൻ നിർവഹണ ഉദ്യോഗസ്ഥർ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ കളക്ടർമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തു. വ്യത്യസ്ത മേഖലകളിലെ വിദ്യാർത്ഥികൾ, സംരംഭകർ, നിക്ഷേപകർ എന്നിവരുമായി ചർച്ചകളിലൂടെയാവും ആശയരൂപീകരണം നടത്തുക. രണ്ട് വർഷമാണ് സംരംഭങ്ങളുടെ പൂർത്തീകരണ കാലാവധി. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ ജില്ലാതല സമിതികൾക്ക് ഉടൻ നൽകും. കൗൺസിലിന്റെ ചട്ടക്കൂട്, ഉദ്ദേശലക്ഷ്യങ്ങൾ എന്നിവ സംബന്ധിച്ച അവതരണവും യോഗത്തിൽ നടന്നു. നൂതന പദ്ധതികളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ജില്ലാതല സമിതിക്ക് പൂർണ അധികാരം നൽകിയിട്ടുണ്ട്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന മേഖലകളുടെ വികസനവും ഇത്തരമൊരു പദ്ധതിയിലൂടെ കൗൺസിൽ ലക്ഷ്യംവയ്ക്കുന്നു. ജില്ലാ കളക്ടർമാർ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ അദ്ധ്യക്ഷരുമായ ജില്ലാതല കോർ കമ്മിറ്റി രൂപീകരിച്ചു. ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിക്കാൻ ഒരു പ്രോഗ്രാം എക്‌സിക്യുട്ടീവിനെയും കൗൺസിൽ നിയമിച്ചിട്ടുണ്ട്. 'വൺ ഡിസ്ട്രിക്ട് വൺ ഐഡിയ' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഓരോ ജില്ലയും നൂതനാശയങ്ങൾ രൂപപ്പെടുത്തേണ്ടത്.

'' മാറുന്ന കാലത്തിന്റെ ആവശ്യകതയാണ് ഇത്തരം നൂതന പദ്ധതികൾ. നിർവഹണ പ്രവർത്തനങ്ങളിൽ പൂർണ പിന്തുണ നൽകും.

ബി. അബ്ദുൽ നാസർ , ജില്ലാ കളക്ടർ