ആനചികിത്സാ വിദഗ്ധൻ അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു

Friday 18 September 2020 12:08 PM IST

വടക്കാഞ്ചേരി: പ്രശസ്ത ആനചികിത്സാ വിദഗ്ദ്ധൻ അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് (90) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. റേഡിയോ എൻജിനീയറായി തുടങ്ങി, അരനൂറ്റാണ്ടിലധികം വിഷചികിത്സാരംഗത്തും സജീവമായി. പാമ്പുകടിയേറ്റ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. കവി എന്ന നിലയിലും ശ്ലോകരംഗത്തും സജീവമായിരുന്നു. ഗുരുവായൂർ ദേവസ്വം ഉൾപ്പെടെ മിക്ക ദേവസ്വങ്ങളുടെയും ആനകളെ ചികിത്സിച്ചിരുന്നത് അവണപ്പറമ്പായിരുന്നു.

വിഷചികിത്സയെക്കുറിച്ച് ഗ്രന്ഥമെഴുതിയ അവണപ്പറമ്പിനെത്തേടി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി വിദ്യാർത്ഥികൾ പഠനത്തിനായി മനയിലെത്തിയിരുന്നു. എല്ലാ ദേവസ്വങ്ങളും സേവനങ്ങൾ മുൻനിർത്തി ഇദ്ദേഹത്തെ ആദരിച്ചു. ഒരുമാസം മുമ്പെ ആയിരുന്നു നവതി ആഘോഷം. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: ഡോ. ശങ്കരൻ, ഗിരിജ. മരുമക്കൾ: മഞ്ജു, കൃഷ്ണൻ ഭട്ടതിരിപ്പാട്. സംസ്‌കാരം ഇന്ന് രാവിലെ കുമ്പളങ്ങാട് അവണപ്പറമ്പ് മനയിൽ നടന്നു.