തിരുവന്തപുരത്ത് ആശങ്ക കടുക്കുന്നു: ഇന്ന് മാത്രം കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിനടുത്ത്, രോഗവ്യാപനം അതിരൂക്ഷം
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പ്രതിദിന കൊവിഡ് കണക്ക് ആയിരത്തിനടുത്ത്. ഇന്ന് മാത്രം ജില്ലയിൽ 926 പേർക്കാണ് രോഗം വന്നതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഇതിൽ സമ്പർക്കം മൂലം രോഗം വന്നത് 893 പേർക്കാണ്. അതേസമയം ഇന്ന് 488 പേർക്ക് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്. ജില്ലയിൽ മരണപ്പെട്ടവരിൽ മൂന്ന് പേർക്ക് കൊവിഡ് രോഗബാധ ഉണ്ടായിരുന്നതായി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രന്‍ (75), ബാലരാമപുരം സ്വദേശി രാജന്‍ (53), പൂന്തുറ സ്വദേശിനി മേഴ്സ്ലി (72) എന്നിവർക്കാണ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എൻ.ഐ.വി സ്ഥിരീകരിച്ചത്. ഇതോടെ രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 163 ആയി ഉയർന്നിട്ടുണ്ട്. ഇതുവരെജില്ലയിൽ 24,700 പേർക്ക് രോഗം വന്നിട്ടുണ്ട്. നിലവിൽ 6865 പേരാണ് രോഗം മൂലം ചികിത്സയിൽ ഇരിക്കുന്നത്. 18,134 പേർ ഇതുവരെ രോഗമുക്തി നേടി.