സ്വർണക്കടത്ത്: കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് എൻ.ഐ.എ

Saturday 19 September 2020 12:00 AM IST

കൊച്ചി: സ്വർണക്കടത്തിൽ യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതരെ ചോദ്യം ചെയ്യണമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കോടതിയിൽ വ്യക്തമാക്കി. ഒന്നാം പ്രതി പി.എസ്. സരിത്തുൾപ്പെടെ 16 പേരുടെ റിമാൻഡ് നീട്ടാനുള്ള അപേക്ഷയിലാണിക്കാര്യമുള്ളത്. കള്ളക്കടത്ത് സമ്പാദ്യം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് ചെയ്യാൻ ഉപയോഗിച്ചിരിക്കാമെന്നും എൻ.ഐ.എ ഡിവൈ.എസ്.പി സി. രാധാകൃഷ്‌ണപിള്ള സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

സ്വപ്ന സുരേഷടക്കമുള്ള പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ലാപ് ടോപ്പ് എന്നിവയിൽ നിന്ന് ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവരെ വീണ്ടും ചോദ്യം ചെയ്യുകയാണ്.

മുഴുവൻ പ്രതികളും സ്വർണക്കടത്തിലെ പങ്കാളിത്തം വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായി നടത്തിയ ഗൂഢാലോചനയും തുടർ നടപടികളും ഇവർ വെളിപ്പെടുത്തി. വിദേശത്തും ഇന്ത്യയിലും ഗൂഢാലോചന നടത്തിയ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിലൂടെ പ്രതികൾ ചൂണ്ടിക്കാട്ടി.

മിഡിൽ ഇൗസ്റ്റിൽ നിന്ന് വൻതോതിൽ സ്വർണം നയതന്ത്ര ബാഗിന്റെ മറവിൽ ഇന്ത്യയിലേക്ക് തുടർച്ചയായി കടത്തി വ്യക്തികൾക്ക് കൈമാറിയതിന് തെളിവുകളുണ്ടെന്നും എൻ.ഐ.എ വ്യക്തമാക്കുന്നു. ഇന്നലെ സ്വപ്ന ഒഴികെയുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കിയിരുന്നു.

പി.എസ്. സരിത്ത്, സ്വപ്ന, കെ.ടി. റമീസ്, എ.എം. ജലാൽ, സെയ്ദ് അലവി, പി.ടി. അബ്ദു, മുഹമ്മദ് അലി, കെ.ടി. ഷറഫുദീൻ, മുഹമ്മദ് ഷഫീഖ്, ഹംസത്ത് അബ്ദുസലാം, ടി.എൻ. സൻജു, ഹംജദ് അലി എന്നീ 12 പ്രതികളുടെ റിമാൻഡ് കാലാവധി ഒക്ടോബർ പത്തു വരെയും സി.വി. ജിഫ്സൽ, പി. അബൂബക്കർ, മുഹമ്മദ് അബ്ദു ഷമീം, പി.എം. അബ്ദുൾ ഹമീദ് എന്നീ പ്രതികളുടെ റിമാൻഡ് കാലാവധി എട്ടു വരെയും നീട്ടി.