ശ്രീനാരായണ ഗുരുദേവ പ്രതിമ 21ന് മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും
തിരുവനന്തപുരം: 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ സ്മരണക്കായി സംസ്ഥാന സർക്കാർ സ്ഥാപിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ 21ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയത്തിന് എതിർവശത്തെ ഒബ്‌സർവേറ്ററി ഹിൽസിൽ അനാച്ഛാദനം ചെയ്യും. മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷനാകും. മന്ത്രി കടകംപള്ളി സരേന്ദ്രൻ മുഖ്യാതിഥിയാകും.ശ്രീനാരായണഗുരു സമാധി ദിനമായ കന്നി അഞ്ചിന് നടക്കുന്ന ചടങ്ങിൽ മേയർ കെ. ശ്രീകുമാർ, വി.എസ് ശിവകുമാർ എം.എൽ.എ, ഡോ. ശശി തരൂർ എം.പി, വി. കെ. പ്രശാന്ത് എം.എൽ.എ, ഒ. രാജഗോപാൽ എം.എൽ.എ, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കേരള ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് എന്നിവർ സംസാരിക്കും. ചടങ്ങിൽ ശില്പി ഉണ്ണി കാനായിയെ ആദരിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് സ്വാഗതവും സാംസ്‌കാരിക ഡയറക്ടർ ടി. ആർ. സദാശിവൻ നായർ നന്ദിയും പറയും.
1.19 കോടി രൂപ ചെലവിൽ സാംസ്‌കാരിക വകുപ്പാണ് പ്രതിമ സ്ഥാപിക്കുന്നത്. ഉദ്യാനവും ഒരുക്കുന്നുണ്ട്.