അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു
വടക്കാഞ്ചേരി: വിഷചികിത്സകനും ആനചികിത്സാ വിദഗ്ദ്ധനുമായ അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് (90) അന്തരിച്ചു. വടക്കാഞ്ചേരിക്കടുത്ത് കുമ്പളങ്ങാട് ആവണപ്പറമ്പ് മനയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. അര നൂറ്റാണ്ടിലധികം വിഷചികിത്സയിൽ സജീവമായിരുന്നു. പിന്നീട് ആന ചികിത്സാരംഗത്തായി ശ്രദ്ധ.
അവണ പറമ്പ് മനയിൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും (കുഞ്ഞിക്കുട്ടൻ) വടക്കാഞ്ചേരി വലിയ മന പാർവ്വതി അന്തർജനത്തിന്റെയും ഏഴ് മക്കളിൽ രണ്ടാമനായി 1930ലാണ് ജനനം. തൃശ്ശിനാപ്പിള്ളി വിൻസെന്റ്‌സ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും റേഡിയോ എൻജിനീയറിംഗ് കോഴ്‌സ് പൂർത്തിയാക്കി.
ലണ്ടനിലെ സിറ്റി ഗൈൽഡ്‌സ് പരീക്ഷയിൽ ഒന്നാം ക്ലാസോടെ വിജയിച്ചു. ബംഗളൂരുവിലെ എച്ച്.എൽ.എല്ലിൽ ചേരാൻ ക്ഷണം ലഭിച്ചെങ്കിലും വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. വടക്കാഞ്ചേരി ജൂനിയർ ചേംബറിന്റെ ഭിഷക് രത്‌ന പുരസ്‌കാരം, പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് സ്മാരക പുരസ്‌കാരം , ഷൊർണൂർ കേരളീയ സമാജം ശാസ്ത്ര മഹോധതി പുരസ്കാരം, കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വി. വി. രാമവാര്യർ മെമ്മോറിയൽ എക്‌സലൻസ് പുരസ്‌കാരം, കേരള എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്റെ ഹസ്ത്യായുർവ്വേദാചാര്യ അവാർഡ്, കോട്ടയ്ക്കൽ ആയുർവ്വേദ കോളജ് പ്രശസ്തിപത്രം എന്നിവ ലഭിച്ചിട്ടുണ്ട്. ഒരു മാസം മുമ്പായിരുന്നു നവതി ആഘോഷം. സംസ്‌കാരം അവണപ്പറമ്പ് മനയിൽ നടന്നു. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: ഡോ. ശങ്കർ, ഗിരിജ. മരുമക്കൾ: മഞ്ജു, കൃഷ്ണൻ ഭട്ടതിരിപ്പാട്.