ലളിതമായ ചടങ്ങോടെ പത്രാധിപർ കെ. സുകുമാരൻ അനുസ്മരണം

Saturday 19 September 2020 12:33 AM IST

പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ ചടങ്ങിൽ പത്രാധിപർ സ്മാരക അവാർഡുകൾ കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി വിതരണം ചെയ്യുന്നു

തിരുവനന്തപുരം: കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 39-ാമത് ചരമവാർഷിക ദിനാചരണം ഇന്നലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങുകളോടെ നാടെങ്ങും നടന്നു. കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു തിരുവനന്തപരം ആസ്ഥാനത്തെ ചടങ്ങ്.

രാവിലെ 9.30മുതൽ പത്രാധിപർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് അനുസ്മരണ ചടങ്ങിൽ പത്രാധിപർ കെ.സുകുമാരൻ സ്മാരക അവാർഡുകൾ ചീഫ് എഡിറ്റർ ദീപു രവി സമ്മാനിച്ചു.

തിരുവനന്തപുരം യൂണിറ്റിലെ മികച്ച പ്രദേശിക ലേഖകനുള്ള അവാർഡ് നെടുമങ്ങാട് ലേഖകൻ എസ്.ടി.ബിജുവും നോൺ ജേർണലിസ്റ്റ് അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിക്കുള്ള അവാർഡ് കൊല്ലം യൂണിറ്റിൽ പ്രിന്റിംഗ് വിഭാഗത്തിലെ എസ്.വിജയന്റെ മകൻ വി.വിവേകും പ്ളസ് ടുവിന് കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാ‌ർത്ഥിക്കുള്ള അവാർഡ് തിരുവനന്തപുരം യൂണിറ്റിലെ ഡി.ടി.പി വിഭാഗത്തിലെ ജി.എസ്. സുധികുമാറിന്റെ മകൾ എസ്.ഗോപികയും സ്വീകരിച്ചു.

വിവേകിന് മാനേജ്മെന്റിന്റെയും യൂണിയന്റെയും ക്യാഷ് അവാർഡുകളും എസ്.ഗോപികയ്ക്ക് യൂണിയന്റെ ക്യാഷ് അവാർഡും ലഭിച്ചു.

യൂണിറ്റ് ചീഫ് എസ്. വിക്രമൻ, നോൺ ജേർണലിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.സാബു, പ്രസിഡന്റ് വി.ബാലഗോപാൽ, വർക്കിംഗ് പ്രസിഡന്റ് എസ്.ആർ.അനിൽകുമാർ എന്നിവർ സംസാരിച്ചു.