പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: അന്തിമറിപ്പോർട്ട് ഹാജരാക്കണം

Saturday 19 September 2020 12:00 AM IST

കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ പ്രതികളായ അലനും താഹയ്‌ക്കും ജാമ്യം നൽകിയതിനെതിരെ എൻ.ഐ.എ നൽകിയ അപ്പീലിൽ കേസിന്റെ അന്തിമറിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഏതു സാഹചര്യത്തിലാണ് പ്രതികൾക്ക് വിചാരണക്കോടതി ജാമ്യം നൽകിയതെന്ന് പരിശോധിക്കാനാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. അപ്പീൽ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

കഴിഞ്ഞ നവംബർ ഒന്നിന് രാത്രിയിലാണ് അലനെയും താഹയെയും പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും മറ്റു തെളിവുകളും കണ്ടെത്തിയതിനെ തുടർന്ന് യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്തി അന്വേഷണം എൻ.ഐ.എയ്ക്കു കൈമാറിയിരുന്നു. ഇവർ അന്വേഷണം തുടരുന്നതിനിടെയാണ് അലനും താഹയ്ക്കും ജാമ്യം നൽകിയത്. മൂന്നാംപ്രതി ഉസ്മാനെ പിടിക്കാത്ത സാഹചര്യത്തിൽ ഇവർക്ക് ജാമ്യം നൽകിയത് കേസന്വേഷണത്തെ ബാധിക്കുമെന്നാണ് എൻ.ഐ.എയുടെ വാദം.